14 August Friday

മാറ്റുകൂട്ടി മലപ്പുറം

സ്വന്തം ലേഖകൻUpdated: Wednesday Jul 1, 2020
മലപ്പുറം
എസ്‌എസ്‌എൽസി പരീക്ഷയിൽ ജില്ലയ്ക്ക് ചരിത്ര നേട്ടം. മുൻ വർഷങ്ങളേക്കാൾ മിന്നും വിജയമാണ്‌ ജില്ല കൈവരിച്ചത്‌. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്‌ ജില്ലയിലാണ്‌. 77,685 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 76,633 പേരും ഉപരിപഠനത്തിന് യോഗ്യത നേടി.- 98.65 ശതമാനമാണ്‌ വിജയം. കഴിഞ്ഞ അധ്യയന വർഷം 97.86 ശതമാനമായിരുന്നു.  ഇത്തവണ 0.79 ശതമാനം അധിക വിജയമാണ് കൈവരിച്ചത്. ജില്ലയിലെ നാല്‌ വിദ്യാഭ്യാസ ജില്ലകളിലായി 6447 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കണക്കാണിത്‌. 4473 പെൺകുട്ടികളും 1974 ആൺകുട്ടികളുമാണ്‌ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ നേടിയത്‌. 
കഴിഞ്ഞ വർഷം 5970 വിദ്യാർഥികളാണ്‌‌ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി‌യത്‌. 
സർക്കാർ സ്‌കൂളുകളിലെ 27,303 വിദ്യാർഥികളിൽ 26,832 പേരും വിജയിച്ചു. 1706 കുട്ടികൾ മുഴുവൻ എ പ്ലസും നേടി. 98.27 ശതമാനമാണ് വിജയ ശതമാനം. എയ്ഡഡ് സ്‌കൂളുകളിൽ 43,477 കുട്ടികൾ പരീക്ഷ എഴുതിയതിൽ 42,910 വിദ്യാർഥികളും തുടർപഠനം ഉറപ്പാക്കി–- 98.69 ശതമാനം. 3640 കുട്ടികൾ മുഴുവൻ എ പ്ലസും നേടി. അൺ എയ്ഡഡ് സ്‌കൂളുകളിലെ 6905 വിദ്യാർഥികളിൽ 6891 പേര്‍ ഉപരിപഠനത്തിന്‌ യോഗ്യത നേടി–- 99.8 ശതമാനം. 1101 വിദ്യാർഥികൾക്കാണ് ഈ വിഭാഗത്തിൽ മുഴുവൻ എ പ്ലസ്.  പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ 223 വിദ്യാർഥികൾ‌ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. 24 സർക്കാർ സ്‌കൂളുകളാണ്‌ നൂറുമേനി വിജയം നേടിയത്‌. ഒമ്പത് എയ്ഡഡ് സ്‌കൂളുകളും 107 അൺ എയ്ഡഡ് സ്‌കൂളുകളും നൂറ്‌ ശതമാനം വിജയം കരസ്ഥമാക്കി. 
സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്‌ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്‌ –- 26,855 കുട്ടികൾ‌. ഇതിൽ 26,651 പേർ തുടർപഠനത്തിന്‌ അർഹരായി.- 99.24 ശതമാനമാണ് വിജയം. 2736 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ കരസ്ഥമാക്കി. തിരൂർ വിദ്യാഭ്യാസ ജില്ലയിലെ 15,699 കുട്ടികളിൽ 15,420 കുട്ടികളും വിജയിച്ചു–- 98.22 ശതമാനം വിജയം. 931 കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടി. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ 15,437 കുട്ടികള്‍ പരീക്ഷ എഴുതിയതിൽ 15,184 കുട്ടികളും വിജയിച്ചു–- 98.36 ശതമാനം വിജയം. 1363 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ നേടി. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ 19,694 വിദ്യാർഥികളിൽ 19,378 കുട്ടികൾ വിജയിച്ചു –- 98.35 ശതമാനം വിജയം. 1417 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ കരസ്ഥമാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top