19 September Thursday

ഉദ്ഘാടനം ഇന്ന് ‘സമൃദ്ധി’യിലേക്ക്‌ കുടുംബശ്രീ കാൽവയ്‌പ്‌

സ്വന്തം ലേഖകൻUpdated: Wednesday Jul 31, 2019

 

 
പേരാമ്പ്ര 
കുടുംബശ്രീ നേതൃത്വത്തിൽ കാർഷിക സംഘങ്ങളുടെ രൂപീകരണവും ശാക്തീകരണവും ലക്ഷ്യമാക്കി നടപ്പാക്കുന്ന സമൃദ്ധി ജെഎൽജി ക്യാമ്പയിൻ  ബുധനാഴ്‌ച പകൽ11ന് ചെറുവണ്ണൂരിൽ മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ബാബു പറശ്ശേരി അധ്യക്ഷനാകും. 
ഒരുവർഷം നീളുന്ന പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി ആവിഷ്കരിച്ചതെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചിങ്ങം ഒന്നോടെ ജില്ലയിൽ 8000ത്തോളം സംഘകൃഷി ജെഎൽജികൾ രൂപീകരിക്കും. കുടുംബശ്രീ അംഗങ്ങളായ 10 ശതമാനത്തിൽ താഴെ അയൽക്കുട്ടങ്ങളിലുള്ളവർ മാത്രമാണ് കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നത്. സമൃദ്ധി ക്യാമ്പയിന്റെ ഭാഗമായി 30 ശതമാനം പുതിയ ഗ്രൂപ്പുകൾ രൂപീകരിക്കും. ഒരു സിഡിഎസിന്‌ കീഴിൽ കുറഞ്ഞത് 10 ഏക്കർ തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കും. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ആഗസ്ത് നാലുവരെ  വിവിധ പരിപാടികൾ നടക്കും. 
ഉദ്ഘാടന ചടങ്ങിൽ നെല്ലുൽപ്പാദക സംഘം രൂപീകരണ പ്രഖ്യാപനവും കാർഷിക പ്രശ്നോത്തരി മത്സരവിജയികൾക്കുള്ള സമ്മാനദാനവും നടക്കും. ആഗസ്ത് ഒന്നിന് രാവിലെ 10ന് പ്രദർശനവിപണനമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ സി സതി ഉദ്ഘാടനംചെയ്യും. തുടർന്ന് സെമിനാർ നടക്കും. രണ്ടിന് നടക്കുന്ന നടീൽ ഉത്സവം കെ ദാസൻ എംഎൽഎ ഉദ്ഘാടനംചെയ്യും. മൂന്നിന് വനിതാ കർഷക സംഗമം സി കെ ശശീന്ദ്രൻ എംഎൽഎയും നാലിന് രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രനും ഉദ്ഘാടനംചെയ്യും.  
കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി സി കവിത, പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ബിജു, വൈസ് പ്രസിഡന്റ്‌ നഫീസ കൊയിലോത്ത്, എഡിഎം സി ടി ഗിരീഷ് കുമാർ, ബി ബി ബിനീഷ്, സിഡിഎസ് ചെയർപേഴ്സൺ കെ പി കാർത്യായനി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top