14 July Tuesday

ഒരു വയസ്സുള്ള കുഞ്ഞിനും 4 പേര്‍ക്കുകൂടി

സ്വന്തം ലേഖകൻUpdated: Sunday May 31, 2020

   

കോഴിക്കോട് 
ജില്ലയിൽ ശനിയാഴ്‌ച ഒരു വയസ്സായ കുഞ്ഞുൾപ്പെടെ നാലുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.  രണ്ടുപേർ ചെന്നൈയിൽനിന്നും രണ്ടുപേർ വിദേശത്തുനിന്നും വന്നവരാണെന്ന്‌ ഡിഎംഒ ഡോ. വി ജയശ്രീ  അറിയിച്ചു. 
48 വയസ്സുള്ള കുറ്റ്യാടി സ്വദേശിയാണ്  രോഗം സ്ഥിരീകരിച്ച ഒരാൾ. 14ന് ചെന്നൈയിൽനിന്ന് സ്വന്തം വാഹനത്തിൽ എത്തി നിരീക്ഷണത്തിലായിരുന്നു.    ഇപ്പോൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിൽ ചികിത്സയിലാണ്.
48കാരനായ ഏറാമല സ്വദേശിയാണ് രണ്ടാമത്തെ രോഗി. 27ന് ചെന്നൈയിൽനിന്ന്‌ സ്വന്തം വാഹനത്തിൽ പുറപ്പെട്ട്  28ന് കോഴിക്കോട്ടെത്തി. രോഗലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട്ടെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചു. 
64 വയസ്സുള്ള മാവൂർ സ്വദേശിയാണ് മൂന്നാമത്തെ രോഗി.  20ന് റിയാദിൽനിന്ന്‌ വിമാനമാർഗം കണ്ണൂരിലെത്തി. 
സർക്കാർ വക വാഹനത്തിൽ കോഴിക്കോട്ടെത്തി മാവൂരിലെ കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 22ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 
കൊടുവള്ളിയിലെ ഒരു വയസ്സുള്ള കുട്ടിയാണ് നാലാമത്തേത്. അമ്മയോടൊപ്പം ഖത്തറിൽനിന്ന് 18ന് കോഴിക്കോട്ടെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 
രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 28ന് മെഡി. കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നാലുപേരുടേയും ആരോഗ്യനില  തൃപ്തികരമാണ്.  
  36 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി  ചികിത്സയിലുള്ളത്.  17 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 15 പേർ  ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്നുപേർ കണ്ണൂരിലും  വിമാന ജീവനക്കാരി മഞ്ചേരി മെഡിക്കൽ കോളേജിലുമാണ്.  
 കൂടാതെ  ഒരു മലപ്പുറം സ്വദേശിയും  മൂന്ന്‌ കാസർകോടുകാരും  ഒരു തൃശൂർ ക്കാരനും  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റൊരു തൃശൂർ സ്വദേശി എം വി ആർ ക്യാൻസർ സെന്ററിലും പോസിറ്റീവായി ചികിത്സയിലുണ്ട്. 
ശനിയാഴ്‌ച  181 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ആകെ 4736 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4513ന്റെ ഫലം ലഭിച്ചു. 4433 ഉം നെഗറ്റീവ് ആണ്.  223 ഫലം ലഭിക്കാനുണ്ട്.
പ്രധാന വാർത്തകൾ
 Top