14 July Tuesday

ആ പരീക്ഷയും കഴിഞ്ഞു; യാത്രപറഞ്ഞ്‌ കൂട്ടുകാർ

സ്വന്തം ലേഖികUpdated: Sunday May 31, 2020
 
കോഴിക്കോട്‌
 ആശങ്കകളെയും  ചോദ്യങ്ങളെയും വിജയകരമായി അതിജീവിച്ച്‌ അവസാന പരീക്ഷ എഴുതി  അവരും മടങ്ങി. ഹയർ സെക്കൻഡറി പരീക്ഷയുടെ അവസാന ദിവസമായ ശനിയാഴ്‌ച   ‌  ആഘോഷങ്ങളില്ലാതെ കൂട്ടുകാരോട്‌ യാത്രപറഞ്ഞ്‌ വിദ്യാർഥികൾ രക്ഷിതാക്കൾക്കൊപ്പം മടങ്ങി.  
ശനിയാഴ്‌ച പ്ലസ്‌ വണ്ണിന്‌ കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപോളജി എന്നീ വിഷയങ്ങളിലായിരുന്നു‌  പരീക്ഷ.   അവസാന പരീക്ഷയ്‌ക്ക്‌ ശേഷമുണ്ടാവുന്ന  സൗഹൃദ കൂട്ടായ്‌മയ്‌ക്കും  തമാശകൾക്കുമൊന്നും നിൽക്കാതെ കുട്ടികൾ കോവിഡ്‌ നിർദേശം പാലിക്കുന്ന കാഴ്ചയായിരുന്നു സ്‌കൂളുകളിൽ‌. 
    ജില്ലയിലാകെ 176  കേന്ദ്രങ്ങളിലായാണ്‌ പരീക്ഷ നടത്തിയത്‌. 46,545 കുട്ടികൾ പ്ലസ്‌ടു പരീക്ഷയ്‌ക്കായും പ്ലസ്‌ വണ്ണിന് 45,847 പേരുമാണ്‌   രജിസ്‌റ്റർ ചെയ്‌തത്‌. മുക്കത്ത്‌ പ്രൈവറ്റായി രജിസ്റ്റർ ചെയ്‌ത കർണാടക സ്വദേശികളായ 42 കുട്ടികൾക്ക്‌ പരീക്ഷ എഴുതാനായില്ല.
 ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർ നാട്ടിലേക്ക്‌ മടങ്ങിയിരുന്നു. ഇതല്ലാതെ കാര്യമായ കുറവ്‌ ഉണ്ടായിട്ടില്ല. മാർച്ചിൽ  പരീക്ഷ  എഴുതിയവരെല്ലാം തന്നെ  ലോക്ക്‌ഡൗണിലും പരീക്ഷയ്‌ക്ക്‌ എത്തിയിട്ടുണ്ട്‌. 
   കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ നിർത്തിവച്ച പരീക്ഷ ബുധനാഴ്‌ചയാണ്‌ പുനരാരംഭിച്ചത്‌. കേന്ദ്രങ്ങളിൽ മാസ്‌ക്‌, ഹാൻഡ്‌ വാഷ്‌, സാനിറ്റൈസർ എന്നിവ ലഭ്യമാക്കി സാമൂഹിക അകലം കർശനമാക്കിയാണ്‌ പരീക്ഷ നടത്തിയത്‌. ഗതാഗത സൗകര്യവും ഏർപ്പെടുത്തിയിരുന്നു.
വ്യാഴാഴ്‌ച എസ്‌എസ്‌എൽസി പരീക്ഷയും പൂർത്തിയായി.  ലോക്ക്‌ഡൗണിൽ പരീക്ഷ നടത്തുന്നത്‌ ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആരോപണങ്ങൾ കഴമ്പില്ലാത്തതെന്ന്‌ തെളിയിക്കുംവിധം ഒരു പരാതിയും ഇല്ലാതെ നടപടികൾ പൂർത്തീകരിക്കാനായി.

 

പ്രധാന വാർത്തകൾ
 Top