11 July Saturday

വാങ്ങാനാളില്ല; നേന്ത്രക്കുലകൾ നശിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

 കുന്നമംഗലം

 വെള്ളനൂരിലെ  വിഎഫ്പിസികെയുടെ സ്വാശ്രയ കർഷകവിപണിയിൽ ടൺ കണക്കിന് നേന്ത്രവാഴക്കുലകൾ വാങ്ങാനാളില്ലാതെ നശിക്കുന്നു. മൂന്ന് ലക്ഷത്തിലധികം  വാഴകളാണ് ഇവിടെ കൃഷി ചെയ്യുന്നത്.  കിലോക്ക് 21 രൂപയായിട്ടു പോലും  രണ്ട് ദിവസമായി കച്ചവടക്കാരാരും വാങ്ങാനായി എത്തിയിട്ടില്ല. വിപണിയിൽ ഒരു കിലോക്ക് 40 രൂപക്കാണ് ഉപഭോക്താക്കൾ നേന്ത്രപ്പഴം വാങ്ങുന്നത്. എന്നാൽ  ഉൽപ്പാദിപ്പിക്കുന്ന കർഷകന് ലഭിക്കുന്നത് 21 രൂപയിൽ താഴെയും. ഈ അവസ്ഥ വായ്പയെടുത്ത് കൃഷി ചെയ്ത കർഷകനെ പ്രതിസന്ധിയിലാക്കുകയാണ്‌. 
കഴിഞ്ഞ വർഷം ഇതേസമയം ഒരു കിലോ പച്ചക്കായയുടെ വില 48 രൂപയായിരുന്നു. ഒരു ദിവസം ശരാശരി 16 ടൺ പച്ചക്കായ വിൽപ്പന നടത്തിയിരുന്ന ഈ കേന്ദ്രത്തിൽ ഇന്ന് ഒരു കിലോ പോലും വിൽപ്പന നടത്തിയിട്ടില്ല. കുലച്ച ഒരു നേന്ത്രവാഴക്ക് ശരാശരി 250 രൂപ ചെലവ് വരും. 
ഒരു നേന്ത്രവാഴയിൽനിന്ന് ശരാശരി 12 കിലോയാണ് ലഭിക്കുക. ഇക്കാലത്തെ അവസ്ഥ  ദയനീയമാണെന്ന് വാഴകൃഷിക്കാരനായ കൊടശേരി പറമ്പത്ത് ബാലൻനായർ പറയുന്നു.
 കൃഷി വകുപ്പും സർക്കാരും അടിയന്തരമായി ഈ പ്രശ്നത്തിൽ ഇടപെടണമെന്നാണ് കൃഷിക്കാർ പറയുന്നത്. പ്രശ്നത്തിൽ കൃഷിക്കാരെ സംരക്ഷിക്കാനാവശ്യമായ അടിയന്തര  നടപടിയുണ്ടാകണമെന്ന് കേരള കർഷക സംഘവും ആവശ്യപ്പെട്ടിട്ടുണ്ട്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top