13 July Monday

വിമാന ജീവനക്കാരിക്ക്‌ കോവിഡ്: പ്രതിരോധം ശക്തമാക്കി

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

 രാമനാട്ടുകര 

എയർ ഇന്ത്യ ജീവനക്കാരിയും പുണെ സ്വദേശിനിയുമായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്, ഇവർ താമസിച്ചിരുന്ന രാമനാട്ടുകര നഗരസഭയിലെ പുല്ലുംകുന്നും റോഡിൽ രോഗപ്രതിരോധ സുരക്ഷാ പ്രവർത്തനങ്ങൾ ശക്തമാക്കി. യുവതി നേരിട്ട്  സമ്പർക്കം  പുലർത്തിയതായി അറിവായ പ്രദേശത്തെ പലചരക്ക് കടയും മെഡിക്കൽ ഷോപ്പും നഗരസഭാ അധികൃതർ അടപ്പിച്ചു.
എയർ ഇന്ത്യാ വിമാനത്തിൽ ക്യാബിൻ ക്രൂവായ 24കാരി ഏതാനും ദിവസങ്ങൾ താമസിച്ചിരുന്നത് കരിപ്പൂർ വിമാനത്താവളത്തിനുസമീപത്ത് സഹപ്രവർത്തകർക്കൊപ്പമായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ്  രാമനാട്ടുകര പുല്ലുംകുന്ന് റോഡിലെ ഫ്ലാറ്റിലെത്തിയത്.  ശനിയാഴ്ച വിമാനത്തിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പായി നടത്തേണ്ട നിർബന്ധിത പരിശോധനയിലാണ്‌  ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്. യുവതിയുടെ സ്കൂട്ടർ സ്റ്റാർട്ടാക്കിക്കൊടുത്ത പരിസരത്തെ യുവാവിനെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൂടാതെ യുവതിയുമായി കാറിൽ പരിശോധനക്കായി പോയ മറ്റൊരു ക്യാബിൻ ക്രൂവും ഡ്രൈവറും നിരീക്ഷണത്തിലാണ്‌. ലോക്ക്‌ഡൗണിനുശേഷം വിമാനജോലിയിൽ ഏർപ്പെടാത്ത യുവതിക്ക് എങ്ങനെ രോഗബാധയുണ്ടായി എന്നത്‌ അന്വേഷണത്തിലേ അറിയാവു.
പ്രധാന വാർത്തകൾ
 Top