10 December Tuesday
കൃഷി പഠിച്ചു, കടല്‌ കണ്ടു...

മനംനിറഞ്ഞ് അവർ വഞ്ചിവയലിലേക്ക്‌

സ്വന്തം ലേഖികUpdated: Saturday Nov 30, 2024

ഇടുക്കി വഞ്ചിവയലിലെ ആദിവാസികൾ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്‌ മുന്നിൽ

കോഴിക്കോട്‌
പുത്തൻ കാർഷിക രീതികൾ പരിശീലിച്ചും കടലും നഗരവും കൺനിറയെ കണ്ടും കാട്ടിലേക്ക്‌ മടങ്ങി ഊരാളി ആദിവാസികൾ. കുരുമുളക്‌ കൃഷിയിൽ വിജയം കൊയ്യാനായി ഇടുക്കി വഞ്ചിവയലിലെ ഊരാളി ആദിവാസി വിഭാഗത്തിൽ നിന്നുള്ള 20 പേരാണ്‌ ചെലവൂരിലെ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെത്തി പരിശീലനം നേടിയത്‌. കോഴിക്കോട്‌ ബീച്ചും നഗരവും കറങ്ങിയശേഷം വെള്ളിയാഴ്‌ച അവർ നാട്ടിലേക്ക്‌ മടങ്ങി. 
പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഏക ആദിവാസി ഗ്രാമമാണ്‌ വഞ്ചിവയൽ. കാടിനുള്ളിലാണ് താമസമെന്നതിനാൽ മിക്കവർക്കും കടലും നഗരജീവിതവും ആദ്യ അനുഭവമായിരുന്നു. 
കാടിനുള്ളിലെ കൃഷിയിടത്തിൽ കുരുമുളക്, ഇഞ്ചി, മഞ്ഞൾ ഉൾപ്പെടെ കൃഷി ചെയ്യുന്നവരാണിവർ. ഉൽപ്പന്നങ്ങൾക്ക് 20 വർഷമായി ജൈവ സർട്ടിഫിക്കേഷനും നേടിയിട്ടുണ്ട്‌. വനം വകുപ്പിന് കീഴിലുള്ള ഇക്കോ ഡെവലപ്മെന്റ് ഷോപ്പിലൂടെ വർഷം ഇരുപത് ടണ്ണോളം കുരുമുളക്  വിൽക്കുന്നുണ്ട്.  
കുരുമുളക്‌  ഉൽപ്പാദനത്തോതുയർത്താനുള്ള മൂന്ന്‌ ദിവസത്തെ പരിശീലനമാണ്‌ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽനിന്ന്‌ നേടിയത്‌. വിളവൈവിധ്യങ്ങളും  രോഗപ്രതിരോധ മാർഗങ്ങളും  പരിചയപ്പെടുത്തി. സ്‌പൈസസ് ബോർഡിന്റെ ധനസഹായത്തിൽ വനം വകുപ്പിന്റെ സഹകരണത്തിലായിരുന്നു പരിപാടി. 
ചടങ്ങിൽ ഡയറക്ടർ ഡോ. ആർ ദിനേശ് സർട്ടിഫിക്കറ്റുകൾ നൽകി. ഐഐഎസ്ആർ ശാസ്ത്രജ്ഞരായ ഡോ. പി രാജീവ്, ഡോ. ലിജോ തോമസ്, ഡോ. വി കെ സജേഷ്, സ്‌പൈസസ് ബോർഡ് അസിസ്റ്റന്റ് ഡയറക്ടർ അനിൽ കുമാർ, വഞ്ചിവയൽ ഫോറസ്റ്റ്‌ ഡിവിഷനിലെ ബീറ്റ് ഫോറസ്റ്റ്‌ ഓഫീസർ ജോഷി ഡേവിസ് എന്നിവർ  സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top