30 January Monday

സ്‌ത്രീസുരക്ഷാ നിയമങ്ങൾ ലംഘിക്കപ്പെടുന്നതേറെയും തൊഴിലിടങ്ങളിൽ: പി സതീദേവി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

സംസ്ഥാന വനിതാ കമീഷനും കലിക്കറ്റ് പ്രസ്‌ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച ‘പെൺപാതി’ സെമിനാർ വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി ഉദ്‌ഘാടനംചെയ്യുന്നു

കോഴിക്കോട്‌
 സ്‌ത്രീസംരക്ഷണ നിയമങ്ങൾ ലംഘിക്കപ്പെടുന്നത്‌ ഏറെയും തൊഴിലിടങ്ങളിലാണെന്ന്‌ വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.  വനിതാ കമീഷനും കലിക്കറ്റ്‌ പ്രസ്‌ക്ലബ്ബും ചേർന്ന്‌ നടത്തിയ ‘പെൺപാതി’ സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ. സ്‌ത്രീസുരക്ഷ ഉറപ്പാക്കാൻ ഏറെ നിയമങ്ങൾ ഇവിടെയുണ്ട്‌. അതൊന്നും വേണ്ടവിധം നടപ്പാക്കപ്പെടുന്നില്ല. 
സമത്വം ഭരണഘടന വിഭാവനംചെയ്‌തിട്ട്‌ 75 വർഷം പിന്നിട്ടു. പക്ഷേ മൂന്നിലൊരു ഭാഗമല്ലാതെ പകുതി അവകാശം ഉന്നയിക്കാൻപോലും  സ്‌ത്രീസംഘടനകൾക്കിപ്പോഴും പറ്റുന്നില്ല. സമൂഹത്തിൽ സ്‌ത്രീകൾ നേരിടുന്ന  പ്രശ്‌നങ്ങൾ പുറത്തെത്തിക്കേണ്ടത്‌ മാധ്യമങ്ങളാണ്‌. എന്നാൽ പലപ്പോഴും വാർത്തകളിൽ സ്‌ത്രീകളെ വികലമായി ചിത്രീകരിക്കുകയാണ്‌. സ്‌ത്രീപക്ഷ കാഴ്‌ചപ്പാടുള്ളവരാകണം മാധ്യമപ്രവർത്തകർ. വാർത്തകളുടെ വാണിജ്യവൽക്കരണവും ഉടമകളുടെ താൽപ്പര്യങ്ങളുമുൾപ്പെടെ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്‌ തടസ്സമാകുന്ന കാലമാണിതെന്നും അവർ പറഞ്ഞു. 
പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ എം ഫിറോസ്‌ഖാൻ അധ്യക്ഷനായി. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം വി വിനീത വിഷയമവതരിപ്പിച്ചു. വനിതാ കമീഷൻ അംഗം ഇന്ദിര രവീന്ദ്രൻ, പബ്ലിക്‌ പ്രോസിക്യൂട്ടർ ആൻഡ്‌ അഡീ. ഗവ. പ്ലീഡർ അഡ്വ. പി എം ആതിര, ശ്രീകാന്ത്‌ എം ഗിരിനാഥ്‌ എന്നിവർ സംസാരിച്ചു. 
പ്രസ്‌ ക്ലബ്‌ വൈസ്‌ പ്രസിഡന്റ്‌ രജി ആർ നായർ മോഡറേറ്ററായി. സംസ്ഥാന സെക്രട്ടറി അഞ്ജന ശശി സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി ടി മുംതാസ്‌ നന്ദിയും പറഞ്ഞു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top