17 January Sunday

മിഴിതുറക്കും പുതുകാഴ്‌ചയിലേക്ക്‌

സ്വന്തം ലേഖികUpdated: Monday Nov 30, 2020
 
കോഴിക്കോട്‌ 
ചരിത്രമുറങ്ങുന്ന കാപ്പാടും കോഴിക്കാട്‌ കടപ്പുറവും ജല വിസ്‌മയങ്ങളുടെ തുഷാരഗിരിയുമൊക്കെ കോഴിക്കോടിന്‌ നൽകുന്ന മൊഞ്ച്‌ ചില്ലറയല്ല. യാത്രയെ പ്രണയിക്കുന്നവർക്ക്‌ വിട പറയാനാവാത്തവിധം ഒന്നു‌കൂടി അണിഞ്ഞൊരുങ്ങാനുള്ള  പുറപ്പാടിലാണ്‌ ഈ നാട്‌. അതിനായി മുപ്പത്തൊന്നോളം ടൂറിസം പദ്ധതികളാണ്‌ നാലു വർഷത്തിനകം  ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ  നടപ്പാക്കുന്നത്‌. പത്തെണ്ണം പൂർത്തിയായപ്പോൾ ശേഷിക്കുന്നവയുടെ നിർമാണം പുരോഗമിക്കുകയാണ്‌. 
മൊത്തം 84.6 കോടി രൂപയുടെ പദ്ധതികളാണ്‌ ജില്ലയിൽ ഒരുങ്ങുന്നത്‌. ബീച്ചും പാർക്കും വയലടപോലുള്ള ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളും പുതുമോടിയിലാക്കുന്നതിനൊപ്പം സഞ്ചാരികൾക്കു വേണ്ട സൗകര്യമൊരുക്കലിനും പ്രാധാന്യം നൽകിയാണ്‌ ഓരോ പദ്ധതിയും വിഭാവനം ചെയ്തത്‌. കോഴിക്കോട്‌ ബീച്ചിലാണ്‌ ടൂറിസം വകുപ്പ്‌ വലിയ ഇടപെടൽ നടത്തുന്നത്‌.  ഏകദേശം ഒമ്പത്‌ കോടിയുടെ പദ്ധതിയിൽ സാംസ്കാരിക കേന്ദ്രവും സ്‌പോർട്‌സ്‌ സോണുമാണ്‌ ഒരുക്കുന്നത്‌. ഇതിൽ സാംസ്കാരിക കേന്ദ്രത്തിന്റെ പണി പൂർത്തിയായി.    
വിനോദ കേന്ദ്രങ്ങളുടെ പുനരുദ്ധാരണവും നവീകരണവും ലക്ഷ്യമിട്ടുള്ള ഗ്രീൻ കാർപ്പറ്റ്‌ ഡസ്‌റ്റിനേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സരോവരം, തുഷാരഗിരി, കാപ്പാട്‌  എന്നിവയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു.  വിനോദ സഞ്ചാര വകുപ്പ് 1.7 കോടി രൂപ ചെലവഴിച്ചാണ് മാനാഞ്ചിറ സ്ക്വയർ നവീകരണം പൂർത്തിയാക്കിയത്. ആംഫി തിയറ്റർ, കരിങ്കൽ പാതകൾ, അലങ്കാര വിളക്കുകൾ, ചുറ്റുമതിൽ, -നടപ്പാത നവീകരണം, പെയിന്റിങ്,  വിളക്കുകൾ തുടങ്ങിയവയെല്ലാം സജ്ജമാക്കി. നവീകരിച്ച   സൗത്ത്‌ ബീച്ചും വാഗ്‌ഭടാനന്ദ പാർക്കും സഞ്ചാരികൾക്കായി ഒരുങ്ങിയിട്ടുണ്ട്‌. ശേഷിക്കുന്ന പദ്ധതികൾ  2021 മാർച്ചോടെ പൂർത്തിയാക്കുമെന്ന്‌  ഡിടിപിസി സെക്രട്ടറി സി പി ബീന പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top