17 January Sunday

കടത്തനാട്ടിൽ കരുത്തോടെ ഇടതുപക്ഷം

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

 

വടകര
ഉരുക്കുകോട്ടയായ വടകരയിൽ ചരിത്രം ആവർത്തിക്കാനൊരുങ്ങി ഇടതുപക്ഷം. സമാനതകളില്ലാത്ത വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിച്ച ചാരിതാർഥ്യത്തിലാണ് ഇടതു സ്ഥാനാർഥികൾ വോട്ട് തേടുന്നത്. തെരഞ്ഞെടുപ്പ്‌ പ്രചാരണപ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങൾ പിന്നിട്ടപ്പോൾ വളരെയേറെ മുൻപന്തിയിലെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്‌ ഇടതുക്യാമ്പ്‌. എൽജെഡി എൽഡിഎഫിനൊപ്പമെത്തിയതും വിജയപ്രതീക്ഷ പതിൻമടങ്ങ് വർധിപ്പിച്ചു. 
നഗരസഭയിൽ 149 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. കഴിഞ്ഞ ഭരണ സമിതിയിലെ വൈസ് ചെയർപേഴ്സൺ കെ പി ബിന്ദു ഉൾപ്പെടെയുള്ളവർ ഇത്തവണയും മത്സരരംഗത്തുണ്ട്. ആകെയുള്ള 47 വാർഡുകളിൽ രാഷ്ട്രീയ, സാംസ്കാരിക, പാലിയേറ്റീവ്, കുടുംബശ്രീ രംഗങ്ങളിലെ പ്രവർത്തന പാരമ്പര്യമുള്ളവരാണ് ഇടതു സ്ഥാനാർഥികൾ. സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യുഡിഎഫ് പാളയത്തിൽ തുടക്കം മുതൽ തർക്കമായിരുന്നു. സീറ്റുകിട്ടാത്തവർ കലാപം ഉയർത്തിയതോടെ പ്രചാരണ പ്രവർത്തനങ്ങളും അങ്കലാപ്പിലായി. വാർഡ് കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ രാജിവെച്ചു പോവുന്ന സാഹചര്യവുമുണ്ടായി. ബിജെപി മത്സരിക്കാൻ തീരുമാനിച്ച് പത്രിക നൽകിയ വാർഡിലെ നാമനിർദേശ പത്രിക തള്ളിപ്പോയതിലും പ്രവർത്തകർക്കിടയിൽ മുറുമുറുപ്പുണ്ട്. വാർഡ് 21 കൊക്കഞ്ഞാത്ത് യുഡിഎഫിനും ബിജെപിക്കും ഒരു സ്ഥാനാർഥിയാണുള്ളത്. ഇവിടെ എൽഡിഎഫിനായി പി കെ സതീശൻ മാസ്റ്ററാണ് ജനവിധി തേടുന്നത്. കഴിഞ്ഞ ഭരണസമിതി നടപ്പാക്കിയ വികസന നേട്ടങ്ങൾ ലഘുലേഖയാക്കി ജനങ്ങളിലെത്തിച്ചിട്ടുണ്ട്. ക്ലീൻ സിറ്റി ഗ്രീൻ സിറ്റി സീറോ വേസ്റ്റ് വടകര പദ്ധതിയിലൂടെ പ്രഥമ മാലിന്യ മുക്തനഗരസഭയായ വടകരക്ക് 12 ലേറെ അവാർഡുകൾ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ മാത്രം നേടാനായിട്ടുണ്ട്. ഹരിയാലി ഹരിതകർമ സേനയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്ക് വഹിക്കുന്നത്. ഹരിയാലി നേതൃത്വത്തിൽ 18000ത്തോളം വീടുകളിൽനിന്നും അയ്യായിരത്തിലേറെ കടകളിൽനിന്നും അജൈവ മാലിന്യം ശേഖരിക്കുന്നുണ്ട്. മലിനജല സംസ്കരണത്തിന് 15 കോടി രൂപയുടെ പ്രൊജക്ട് കിഫ്ബിയുടെ പരിഗണനയിലുമുണ്ട്. ട്രഞ്ചിങ്‌ ഗ്രൗണ്ടിലെ ഹരിത പാർക്കിനുള്ള പദ്ധതിയും തുടങ്ങി. മുനിസിപ്പൽ പാർക്കിന്റെ നവീകരണം, ഫിഷ് ലാന്റിങ്‌ സെന്റർ, ഷീ ലോഡ്‌ജ്‌, വയോജനകേന്ദ്രം, റോഡുകൾ, ഭവന നിർമാണം, പാലങ്ങൾ തുടങ്ങി നിരവധി നേട്ടങ്ങൾ ജനസമക്ഷത്തിലെത്തുന്നതോടെ ഇടതുമുന്നേറ്റം ഉറപ്പാണ്‌. നിലവിൽ എൽഡിഎഫിന് 28, യുഡിഎഫിന് 17, ബിജെപിക്ക് രണ്ടും അംഗങ്ങളാണുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top