02 July Thursday

കാലുകൊണ്ടും കിട്ടും സാനിറ്റൈസർ

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
ഫറോക്ക് 
കോവിഡ് കാലത്ത് നൂതന സാനിറ്റൈസിങ്‌ സംവിധാനം പരിചയപ്പെടുത്തി ഫറോക്ക് ഗവ. ഗണപത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എടിഎൽ ലാബ് അംഗങ്ങളും പത്താം ക്ലാസ് വിദ്യാർഥികളുമായ നവനീത് കണ്ണനും അഭിനവും. കൈ ചലിപ്പിക്കാതെ നിന്നനിൽപ്പിൽ കാലുപയോഗിച്ച്  താഴ്ഭാഗത്ത് അമർത്തിയാൽ മുകളിൽ സാനിറ്റൈസർ കൈയിൽ ലഭിക്കുന്ന പുത്തൻ ഉപകരണമാണ് ഇവർ വികസിപ്പിച്ചിരിക്കുന്നത്. ഉപകരണം ചൊവ്വാഴ്‌ച സ്‌കൂളിൽ പരീക്ഷ എഴുതാനെത്തുന്നവർക്കായി ഉപയോഗിച്ച് ഫലപ്രദമായി പരീക്ഷിച്ചു.
പിവിസി പൈപ്പിൽ സാനിറ്റൈസർ ഘടിപ്പിച്ച് ഏറ്റവും ലളിതമായ രീതിയിൽ വികസിപ്പിച്ച ഉപകരണത്തിന്റെ നിർമിതിക്ക്‌ ആകെ ചെലവ് 800 രൂപയാണ്. ഇനിയുള്ള കാലങ്ങളിൽ വിദ്യാലയങ്ങളിലും മറ്റെല്ലാ സ്ഥാപനങ്ങളിലും കൈ അണുവിമുക്തമാക്കൽ നിർബന്ധമാകുമ്പോൾ ഏറ്റവും അനിവാര്യവും ശ്രദ്ധയാകർഷിക്കുന്നതുമാകും കുട്ടികളുണ്ടാക്കിയ ഉപകരണം. 
ശാസ്ത്രപ്രതിഭകളെ വാർത്തെടുക്കുന്നതിനായി സ്കൂളിൽ കഴിഞ്ഞ വർഷമാരംഭിച്ച അടൽ ട്വിങ്കറിങ്‌ ലാബി(എടിഎൽ)ലെ സജീവാംഗങ്ങളാണ് നവനീതും അഭിനവും. ഉപകരണം പ്രദർശിപ്പിച്ച ആദ്യ ദിവസംതന്നെ ബാങ്കുകളിൽനിന്ന്‌ രണ്ട്‌ ഓർഡർ ലഭിച്ചു. ഉടൻ പത്തെണ്ണംകൂടി ഉണ്ടാക്കാനൊരുങ്ങുകയാണ്. ഉപകരണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഫറോക്ക് നഗരസഭാധ്യക്ഷ കെ കമറുലൈല ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ്‌ എം ഗിരീഷ് അധ്യക്ഷനായി. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ യു സുധർമ, കൗൺസിലർമാരായ പി ബിജു, അഷ്റഫ്, എൻ പുഷ്‌പരാജി,  പി സുശീല എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top