25 May Monday

മൺപാത്ര നിർമാണത്തൊഴിലാളികൾ ജീവിതച്ചൂളയിൽ

ഗിരീഷ് വാകയാട്Updated: Monday Mar 30, 2020

ഉള്ള്യേരി എടവലംകണ്ടി മീത്തൽ അമ്മാളു വിൽക്കാൻ കഴിയാതെ കൂട്ടിയിട്ട മൺപാത്രത്തിനരികിൽ

 
ബാലുശ്ശേരി
മൺകലങ്ങൾ പാകപ്പെടുത്തുന്ന ചൂളയിലിപ്പോഴും കനലെരിയുന്നു. കോവിഡ് ഭീതിയിൽ ഉത്സവങ്ങൾ ഇല്ലാതായതോടെ നിർമിച്ച മൺപാത്രങ്ങൾ വിറ്റുപോയില്ല. ജില്ലയിലെ നിരവധി കുടുംബങ്ങളാണ് ഇങ്ങനെ ഉഴലുന്നത്. ഉത്സവ സീസൺ കണക്കാക്കി മേപ്പാടി, വടകര തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കളിമണ്ണിറക്കിയാണ് പാത്രങ്ങൾ നിർമിച്ചത്. മണ്ണ് വാങ്ങിയ വകയിൽ പലർക്കും പണം കൊടുക്കാനുണ്ടെന്ന് ഉള്ളിയേരി എട്ടാം വാർഡിലെ എടവലംകണ്ടി മീത്തൽ അമ്മാളു പറഞ്ഞു. 
 അമ്മാളുവും ഭർത്താവും മക്കളും, ഭർത്തൃ സഹോദരനുമടങ്ങുന്ന കുടുംബത്തിന് ദുരിതകാലമാണ്. കുന്നിൻ മുകളിൽ ടാർപോളിൻ ഷീറ്റിട്ട കുടിലിലാണ് ഇവരുടെ ജീവിതം. ഈ കുടിലിൽ തന്നെയാണ് പാത്രങ്ങൾ രൂപപ്പെടുത്തുന്നതും. മറ്റാനുകൂല്യങ്ങളൊന്നും ഇവർക്ക്‌ ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്.14 വർഷം മുമ്പ് മലപ്പുറം ജില്ലയിൽ നിന്നാണ് അമ്മാളുവും കുടുംബവും ഉള്ള്യേരിയിലെത്തിയത്. പിഷാരികാവ്, പൊയിൽക്കാവ്, തുടങ്ങിയ ക്ഷേത്രോത്സവമായിരുന്നു ഇവരുടെ പ്രധാന വരുമാന മാർഗം. കണ്ണമ്പാല തെരു ഉത്സവത്തിൽ കുറച്ച് കലം വിറ്റുപോയതാണ് ഏക ആശ്വാസമെന്നും അമ്മാളു പറഞ്ഞു. 
ഉത്സവ സീസണിൽ വിറ്റുകിട്ടുന്ന പണമുപയോഗിച്ചാണ് ഇവർ ജീവിതം കഴിച്ചുകൂട്ടിയത്. ഉത്സവ സീസൺ പ്രതീക്ഷിച്ച് പാലക്കാട്ടുനിന്ന്‌ ഇവർ മൺപാത്രങ്ങൾ ഇറക്കിയിരുന്നു. ഒന്നും വിറ്റുപോകാതെ കൂട്ടിയിട്ടിരിക്കുകയാണ്. 
ആരോഗ്യസ്ഥിതി അനുവദിക്കാത്തതിനാൽ നടന്നുവിൽക്കാനും ഇവർക്കായില്ല. അരകിലോ അരി വെക്കാൻ പാകത്തിലുള്ള കലത്തിന് 100 രൂപയ്ക്കാണ് വിൽക്കുന്നത്. കളിമണ്ണിന്റെ വിലയും മറ്റു കൂലി ചെലവുകളും കഴിച്ച് 30 രൂപയോളമേ കിട്ടൂ. ഒരു ചൂളയിൽ 250 എണ്ണം പാകത്തിനിട്ടാൽ 150 എണ്ണം മാത്രമേ നല്ലത് കിട്ടുകയുള്ളൂ. 
പ്രധാന വാർത്തകൾ
 Top