25 May Monday

പൊലീസ്‌ ജാഗ്രതയിലാണ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

ഇതാവണോ ലാസ്‌റ്റ്‌ ഡ്രൈവ് ...? പാളയം ജംങ്‌ഷന് സമീപം വാഹന പരിശോധനക്കിടെ പൊലീസ് ബൈക്ക് യാത്രികനെ ശാസിക്കുന്നു ഫോട്ടോ ബിനുരാജ്

കോഴിക്കോട്‌ 
ഫ്രാൻസിസ്‌ റോഡ്‌ പരിസരത്ത്‌ വാഹന പരിശോധനക്കിടെയാണ്‌ ബൈക്ക്‌ യാത്രികൻ പൊലീസിന്‌ മുന്നിൽപ്പെട്ടത്‌. വീട്ടിലേക്ക്‌ സാധനം വാങ്ങാൻ ഇറങ്ങിയതാണെന്ന്‌ പറഞ്ഞതിൽ സംശയം തോന്നി പൊലീസ്‌ വീട്ടിലേക്ക്‌ വിളിച്ചു. ഇടക്കിടെ പുറത്തിറങ്ങുന്ന ഭർത്താവ്‌ കുറേസമയം കഴിഞ്ഞേ തിരിച്ചെത്തൂവെന്ന്‌ ഭാര്യ പറഞ്ഞതോടെ ‘കള്ളി’ വെളിച്ചത്തായി. വാഹനം ഇപ്പോൾ പൊലീസ്‌ സ്‌റ്റേഷനിലും. കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വാഹന പരിശോധനക്കിടെ പൊലീസിനുണ്ടായ അനുഭവമാണിത്‌. 
അൽപ്പമകലെ കുറ്റിച്ചിറയിലെ നിരീക്ഷണത്തിൽ കഴിയുന്ന രോഗിക്കുണ്ടായത്‌ മറ്റൊരനുഭമാണ്‌. ആരെയും അടുപ്പിക്കാതെ നിരീക്ഷണത്തിൽ ഒറ്റക്ക്‌ കഴിയുന്ന രോഗിക്ക്‌ ഭക്ഷണം എത്തിച്ചുകൊടുത്തു പൊലീസിന്റ നന്മ. കോവിഡിനെ പ്രതിരോധിക്കാൻ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതോടെ ജില്ലയിൽ രണ്ടായിരത്തോളം പൊലീസുകാരാണ്‌ രാപകൽ പ്രവർത്തിക്കുന്നത്‌. സിറ്റി പൊലീസ്‌ പരിധിയിൽ 900 പേരുണ്ട്‌. റൂറലിലാണ്‌ കൂടുതൽ. ആയിരത്തോളം പൊലീസുകാർ ഇവിടെ ജാഗ്രതയിലാണ്‌. 
വാഹന പരിശോധന മാത്രമല്ല, ഇവരുടെ ഡ്യൂട്ടി. നിരീക്ഷണത്തിലുള്ള രോഗികൾ പുറത്തിറങ്ങുന്നതും ഇവർ പരിശോധിക്കും. ജില്ലാ പൊലീസ്‌ മേധാവി മുതൽ ഇവരുടെ വിവരങ്ങൾ ഫോണിൽ ആരായും. ഓരോ സ്‌റ്റേഷന്റെയും ചുമതലയുള്ള  സ്‌റ്റേഷൻ ഹൗസ്‌ ഓഫീസർമാർ നിത്യവും രോഗികളെ വിളിച്ച്‌ വിവരങ്ങൾ അന്വേഷിക്കും. 
കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ ഡിഐജി റാങ്കിലുള്ള കമീഷണർ എ വി ജോർജിന്റെ നേതൃത്വത്തിലാണ്‌ സിറ്റി പൊലീസ്‌  പരിധിയിൽ പ്രവർത്തിക്കുന്നത്‌. എസ്‌പി ഡോ. ശ്രീനിവാസിനാണ്‌ റൂറൽ പരിധിയിൽ ചുമതല. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി സ്‌റ്റേഷൻ പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്‌ അസി. പൊലീസ്‌ കമീഷണർമാരാണ്‌. ഒരു എസിപിക്ക്‌ മൂന്നോ നാലോ പൊലീസ്‌ സ്‌റ്റേഷന്റെ ചുമതലയുണ്ടാകും.  ഓരോ സ്‌റ്റേഷനിലും എച്ച്‌എസ്‌ഒമാരുടെ ഡ്യൂട്ടി രാവിലെ ഏഴരക്ക്‌ ആരംഭിക്കും. ഇവർക്ക്‌ മറ്റുള്ളവരുടെ ഡ്യൂട്ടി ഷിഫ്‌റ്റും ശ്രദ്ധിക്കണം. ഓരോ സ്‌റ്റേഷൻ പരിധിയിലും വാഹന പരിശോധനയുടെ ക്രമീകരണവും ഇവരുടെ ചുമതലയാണ്‌. നൈറ്റ്‌ ഓഫീസറുടെ ചുമതലയും ദിവസവും ഏതെങ്കിലും സ്‌റ്റേഷൻ ഓഫീസർമാർക്കായിരിക്കും. 
നൈറ്റ്‌ പട്രോളിങ്ങും കോവിഡ്‌ പ്രതിരോധ സമയത്ത്‌ കൂടുതൽ സജീവമാണ്‌. നിരീക്ഷണത്തിലിരിക്കുന്ന രോഗികൾക്ക്‌ ഭക്ഷണത്തിന്‌ ബുദ്ധിമുട്ടുണ്ടെങ്കിൽ ജനമൈത്രി പൊലീസ്‌ എത്തും. ഇതര സംസ്ഥാന തൊഴിലാളികൾക്ക്‌ ഭക്ഷണം നൽകുന്ന പൊലീസുമുണ്ട്‌. ഇവക്ക്‌ പുറമെ സ്‌റ്റേഷനിലെ പതിവ്‌ ഡ്യൂട്ടികൾക്കും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top