16 January Saturday

സ്വപ്‌നം വിളഞ്ഞത്‌ നൂറുമേനി

ഉണ്ണി ഈന്താട്Updated: Sunday Nov 29, 2020

 

കക്കോടി
നാടെങ്ങും സമൃദ്ധിയുടെ പൂക്കാലം. പാടത്തും പറമ്പിലും പൊന്ന്‌ വിളഞ്ഞുതുടങ്ങി. തരിശുഭൂമികളിൽനിന്നിപ്പോൾ നൂറുമേനിയാണ് കൊയ്‌തെടുക്കുന്നത്‌‌. കൂട്ടുകൃഷികൾ കാർഷിക സംസ്‌കാരത്തിന്‌ തന്നെ മാറ്റം വരുത്തി–- കാർഷിക കേരളത്തിൽ ഇന്ന്‌ കാണുന്ന മാറ്റങ്ങൾ ഇങ്ങനെയെല്ലാമാണ്‌. കർഷകർക്കും കാർഷിക മേഖലയ്‌ക്കും വെള്ളവും വളവും നൽകി കൈപിടിച്ചുയർത്തുകയാണ്‌ എൽഡിഎഫ്‌ സർക്കാർ. ‘കേരളത്തിന്റെ നട്ടെല്ലായ കൃഷിയിലേക്ക്‌ തിരികെയെത്തുന്ന കാഴ്‌ചയാണ് എവിടെയുമുള്ളത്‌. കോവിഡ് മഹാമാരി കാലത്ത് മണ്ണിൽ പൊന്നുവിളയിച്ച് ഇക്കാര്യം തെളിയിച്ചിരിക്കുകയാണ്‌. അതിനവർക്ക് താങ്ങും തണലുമായി നിന്നത്‌ ഈ സർക്കാർ കൃഷിഭവനിലൂടെ ചെയ്ത സഹായമാണ് ’.  2017–-’-18 ൽ ജില്ലയിലെ മികച്ച ജൈവ കർഷകനായി തെരഞ്ഞെടുക്കപ്പെട്ട കാക്കൂർ പഞ്ചായത്തിലെ ഗിരീഷ് കുമാർ പുന്നശേരിയുടെ വാക്കുകളിൽ കാണാം പാടത്ത്‌ പണിയെടുക്കുന്നവരുടെ സന്തോഷം.
 കൃഷിവകുപ്പും കാക്കൂർ കൃഷി ഓഫീസർ ബി ജെ സീമയും നൽകിയ പ്രോത്സാഹനവും സഹായവുമാണ് കൃഷി  ഉപജീവന മാർഗമായി തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്ന്‌ ഗിരീഷ്‌ പറയുന്നു.‘ വിത്തും വളവും സാമ്പത്തിക സഹായവും ആവശ്യമായ നിർദേശങ്ങളും കിട്ടുന്നത് കർഷകന്‌  ഏറെ ആശ്വാസമാണ്. മുമ്പ് കർഷകർ ആവശ്യങ്ങൾക്ക് കൃഷിഭവനിൽ പോയിരുന്നെങ്കിൽ ഇപ്പോൾ കർഷകരെത്തേടി കൃഷി ഓഫീസർമാർ കൃഷിയിടത്തിലേക്കാണ് എത്തുന്നത്. കൃഷിക്ക് സർക്കാർ നൽകുന്ന പരിഗണനയാണ് ഇത് കാണിക്കുന്നത്‌. കർഷക പെൻഷനും റോയൽറ്റിയും നൽകാനുള്ള സർക്കാരിന്റെ തീരുമാനം കാർഷിക രംഗത്ത് വൻ മുന്നേറ്റത്തിന്‌ വഴിവയ്‌ക്കും–- ഗിരീഷ് കുമാർ പറഞ്ഞു. 
അഞ്ച്‌ ഏക്കറിലാണ് ഗിരീഷ് കുമാറിന്റെ കൃഷിത്തോട്ടം. കയ്‌പ, വെണ്ട, ചീര, മത്തൻ, ഇളവൻ, പയർ തുടങ്ങി എല്ലാം വിളയുന്നു. നിയടിവയലിൽ എട്ട്‌ ഏക്കറോളം സ്ഥലത്ത് 150ഓളം കുടുംബങ്ങൾ കൃഷി ചെയ്യുന്ന ജനകീയ മാതൃകാ ജൈവ പച്ചക്കറി തോട്ടത്തിന്റെ അമരക്കാരൻ കൂടിയാണ് ഗിരീഷ്. വീട്ടുപറമ്പിൽ ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് തുടങ്ങിയ ഇടവിളകൃഷിയുമുണ്ട്.   രക്തശാലി, ഉമ, നവര തുടങ്ങി 10 ഇനം നെല്ലും നൂറുമേനി വിളവിലുണ്ട്. ആയുർവേദ മരുന്നിൽ അത്യാവശ്യമായി ചേർക്കുന്ന തിപ്പലി കൃഷി ചെയ്യുന്ന ജില്ലയിലെ അപൂർവം കർഷകരിലൊരാണ് ഗിരീഷ്.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top