16 January Saturday

തരിശിടേണ്ട, കൃഷിയിറക്കാം

സ്വന്തം ലേഖകന്‍Updated: Sunday Nov 29, 2020
 
കോഴിക്കോട്‌
തരിശുഭൂമിയിൽ പൊന്ന്‌ വിളയിക്കുന്ന കാഴ്‌ചകൾ കൺമുന്നിലെ യാഥാർഥ്യമാണ്‌. ജില്ലയിലൂടെ സഞ്ചരിച്ചാൽ തരിശായിക്കിടക്കുന്ന ഭൂമിയിൽ മിക്കതിലും കൃഷിയിറക്കിയത്‌ കാണാം. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിലാണ് കൃഷി ജനകീയമായി നടപ്പാക്കുന്നത്‌‌. കൃഷിവകുപ്പിന്റെ സഹായത്തോടെ 81 കൃഷിഭവനുകൾക്കുകീഴിലും തരിശുഭൂമിയിൽ പലതരം കൃഷിയുണ്ട്‌. തദ്ദേശ സ്ഥാപനങ്ങൾക്കാണ്‌ ചുമതല. ലോക്‌ഡൗൺ കാലത്ത്‌ മുഖ്യമന്ത്രിയുടെ അഭ്യർഥന കണക്കിലെടുത്ത്‌ വീട്ടുവളപ്പിൽ കൃഷി തുടങ്ങിയവരും നിരവധി‌. കേന്ദ്ര പദ്ധതിയായ ആർകെവിവൈയിലൂടെയും കൃഷി പ്രോത്സാഹനത്തിന്‌ ഊന്നൽ നൽകുന്നു. 
ജില്ലയിലാകെ 1470 ഹെക്ടർ തരിശുഭൂമിയിലാണ്‌ കൃഷിയിറക്കിയത്‌. ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി 1095 ഹെക്‌ടറിലും രാഷ്ട്രീയ കൃഷി വികാസ്‌ യോജന (ആർകെവിവൈ)യിൽ പെടുത്തി  375 ഹെക്‌ടറിലും.  ഇതിൽ 275 ഹെക്ട‌റിലാണ്‌ നെൽകൃഷി. ഏറ്റവും കൂടുതൽ കൃഷിചെയ്യുന്നത്‌ കിഴങ്ങുവർഗങ്ങളാണ്‌–- 718 ഹെക്‌ടറിൽ. ജനകീയാസൂത്രണത്തിൽ 512ഉം ആർകെവിവൈയിൽ 206ഉം ഹെക്‌ടർ.
വാഴ 82.77 ഹെക്‌ടർ, പയർവർഗങ്ങൾ 36.78 ഹെക്‌ടർ, റാഗി 15 ഹെക്‌ടർ എന്നിങ്ങനെയും കൃഷി പുരോഗമിക്കുന്നു. അവശേഷിക്കുന്ന തരിശുഭൂമിയും കണ്ടെത്തി ലക്ഷ്യം പൂർത്തീകരിക്കുമെന്ന്‌ കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥർ പറഞ്ഞു. 
നെൽകൃഷിക്ക്‌ ഹെക്‌ടറിന്‌ 40,000 രൂപ സബ്‌സിഡി നൽകും. വാഴക്ക്‌ ഹെക്‌ടറിന്‌ 35,000 രൂപയും കിഴങ്ങ്‌–- പയർവർഗങ്ങൾക്ക്‌ 30,000 രൂപയുമാണ്‌ സബ്‌സിഡി. ഇതുവരെ 40.42 ലക്ഷം രൂപ വിതരണംചെയ്‌തു.  ആർകെവിവൈയിലൂടെ 3.48 കോടി രൂപയും സുഭിക്ഷ കേരളത്തിലൂടെ 2.73 കോടി രൂപയും‌  സബ്‌സിഡിക്കായി നീക്കിവച്ചിട്ടുണ്ട്‌. തുക ലഭിക്കുന്ന മുറക്ക്‌ വിതരണം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top