17 January Sunday

വോട്ട്‌ മുതലെടുപ്പിന്‌ കെ റെയിലും

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020
കോഴിക്കോട്‌
അതിവേഗ റെയിൽവേക്ക്‌ (കെ റെയിൽ) ഭൂമി എടുക്കുന്നതിന്റെ പേരിൽ നുണപ്രചാരണവുമായി യുഡിഎഫ്‌. കുടിയിറക്കുമെന്നും വീടും സ്ഥലവും നഷ്ടമാകുമെന്നുമുള്ള കള്ളപ്രചാരണമാണ്‌ യുഡിഎഫ്‌ നേതാക്കളും സ്ഥാനാർഥികളും നടത്തുന്നത്‌. ലക്ഷ്യം നാല്‌ വോട്ട്‌ മാത്രം. പ്രതിപക്ഷ ഉപനേതാവ്‌ എം കെ മുനീറും കെ മുരളീധരൻ എംപിയുമെല്ലാം ഈ പ്രചാരണവുമായി മുതലെടുപ്പിന്‌ മുൻനിരയിലാണ്‌.  
അതിവേഗ റെയിലിനായി സ്ഥലമെടുപ്പിന്‌ തീരുമാനമായിട്ടില്ല. ഇപ്പോൾ നടന്നത്‌ ഏരിയൽ സർവേയാണ്‌. ഇത്‌ സ്ഥലമെടുപ്പ്‌ തീരുമാനിച്ചിട്ടല്ല നടത്തിയത്‌. ഇക്കാര്യം ബന്ധപ്പെട്ടവർ വ്യക്തമാക്കി. എന്നാൽ പലയിടത്തും ജനങ്ങളിൽ ആശങ്കപരത്താൻ കോൺഗ്രസും ലീഗും മുന്നിട്ടിറങ്ങിയിരിക്കയാണ്‌. നേരത്തെ ഈ വിഷയം യുഡിഎഫ്‌ ഏറ്റെടുത്തിരുന്നില്ല. മാത്രമല്ല ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുമെല്ലാം അതിവേഗപദ്ധതി വക്താക്കളായി രംഗത്തുവന്നിരുന്നു‌. വികസനപദ്ധതികളെ തുരങ്കംവയ്‌ക്കാൻ ലക്ഷ്യമിടുന്ന ജമാഅത്തെ ഇസ്ലാമിയുമായി കോൺഗ്രസും ലീഗും കൈകോർത്തതോടെയാണ്‌ ‌ എതിർപ്പും പ്രതിഷേധവും നിലപാടായത്‌. ജമാഅത്തെ അജൻഡ ഏറ്റെടുക്കേണ്ട ഗതികേടിലായിരിക്കയാണ്‌ യുഡിഎഫ്‌. ഇതിൽ ഒരുവിഭാഗം കോൺഗ്രസ്‌ നേതാക്കളിൽ നീരസമുണ്ട്‌. 
ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കണമെന്ന എൽഡിഎഫ്‌ നിലപാട്‌ വ്യക്തമാണ്‌.  ജനങ്ങൾക്ക്‌  കഴിയുന്നത്ര നഷ്ടവും ദുരിതവും കുറച്ചേ നടപ്പാക്കാവൂ. ജനങ്ങളെ വിശ്വാസത്തിലെടുത്തും ‌ കൂടിയാലോചനയിലൂടെയും മാത്രം ഇത്തരം പദ്ധതികൾ നടപ്പാക്കുക എന്നതാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ  നയവും. 
 ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കി പദ്ധതി നടപ്പാക്കണമെന്നതാണ്‌  എൽഡിഎഫ്‌ നിലപാടെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമും ജില്ലാസെക്രട്ടറി പി മോഹനനും പറഞ്ഞു. ഇക്കാര്യം സർക്കാരിനെയും അറിയിച്ചതാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top