21 October Wednesday

ബിഎസ്എൻഎൽ; സേവനം നിലച്ചു പരാതിക്കാർ പെരുവഴിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020

 

വടകര
ആവശ്യത്തിന്‌ ജീവനക്കാരില്ലാത്തതിനാൽ  വടകര ബിഎസ്എൻഎൽ ഓഫീസിൽ നാഥനില്ലാത്ത അവസ്ഥ. പരാതി പരിഹാരത്തിന്‌ ഓഫീസിൽ എത്തുന്നവർക്ക്‌  സേവനം ലഭ്യമാകുന്നില്ല. 198 എന്ന നമ്പറിൽ പരാതി ബുക്ക് ചെയ്യാമെങ്കിലും ഈ നമ്പറിൽ വിളിച്ചാൽ പരാതി രജിസ്റ്റർ ചെയ്യാൻ കഴിയാത്തതും ഉപഭോക്താക്കൾക്ക് തിരിച്ചടിയാവുന്നു. ഇതിനുപുറമെ 18003451500 എന്ന ടോൾ ഫ്രീ നമ്പറിലും  പരാതി നൽകാമെങ്കിലും നടപടി ഫലപ്രദമാകുന്നില്ല. 
 വടകര ഡിവിഷനുകീഴിൽ വടകര, ചോമ്പാല, എടച്ചേരി, കൈനാട്ടി, തിരുവള്ളൂർ, മാക്കൂൽ പീടിക എന്നീ എക്‌സ്ചേഞ്ചുകളാണുള്ളത്‌. ഇത്രയും എക്‌സ്ചേഞ്ചിലായി ആയിരക്കണക്കിന് ഉപഭോക്താക്കളുമുണ്ട്. ലാൻഡ്‌ ഫോണുകൾക്ക്‌ തകരാർ സംഭവിച്ചാൽ പരാതി നൽകിയാലും മാസങ്ങൾ കഴിഞ്ഞിട്ടും പരിഹരിക്കുന്നില്ലെന്ന്‌ ഉപഭോക്താക്കൾ പറയുന്നു.   
മേലുദ്യോഗസ്ഥരടക്കം ഫീൽഡ് വർക്കിലാണെന്നാണ്‌ പറയുന്നത്  കേന്ദ്ര സർക്കാരിന്റെ തലതിരിഞ്ഞ നടപടിയിൽ 50 ലേറെ ജീവനക്കാർ വിആർഎസ് വാങ്ങി വിരമിക്കുകയായിരുന്നു. പിന്നിട് ചുരുക്കം ചില കരാർ തൊഴിലാളികളെ നിയമിച്ചെങ്കിലും ഇവർക്ക് രണ്ട് രീതി നടപ്പിലാക്കിയതോടെ ഇവർക്കിടയിലും പ്രതിഷേധം നിലനിൽക്കുന്നുണ്ട്. വടകര എക്‌സ്ചേഞ്ചിനു കീഴിൽ മാത്രം 25 ഫീൽഡ് വർക്കർമാർ ഉണ്ടായിരുന്നു. ഇപ്പോൾ ഏഴുപേരാണുള്ളത്‌.   ഫോൺ തകരാർ പരിഹരിക്കാത്തതിനാൽ  നൂറുകണക്കിനാളുകളാണ്‌ ദിനംപ്രതി കണക്ഷൻ വിച്ഛേദിക്കാൻ അപേക്ഷ നൽകുന്നത്. 
 2019 ഫെബ്രുവരി മുതൽ ഇത്തരത്തിൽ  നൂറുകണക്കിന് പരാതികൾ  പരിഹാരമാവാതെ കിടക്കുകയാണ്‌.  ഇതോടെ  ഫോൺ പ്രവർത്തിക്കുന്നില്ലെങ്കിലും  ഉപഭോക്താവ് പണം അടയ്‌ക്കേണ്ട ഗതികേടിലാണ്. പരാതിയുമായി അക്കൗണ്ട്സ്‌ ഓഫീസറെ കാണാൻ   എത്തിയാൽ സീറ്റിൽ ആളില്ലാത്ത അവസ്ഥയാണ്.  നേരത്തെ ഓഫീസിൽ ക്ലീനിങ്‌ സ്റ്റാഫ് ഉണ്ടായിരുന്നെങ്കിലും ഇവർക്ക് വേതനം ലഭിക്കാതായതോടെ ഇവർ സേവനം അവസാനിപ്പിച്ചു. ഇതോടെ ഡിവിഷൻ ഓഫീസും പരിസരവും വൃത്തിഹീനമായും കിടക്കുകയാണ്. 23 പേരെയാണ് ഡിവിഷനിൽ കരാർ തൊഴിലാളികളായി നിയമിച്ചത്. ഇതിൽ ഒരു വിഭാഗത്തെ ഇഎസ്ഐ ആനുകൂല്യമടക്കം നൽകിയാണ് നിയമിച്ചത്. ഒരു വിഭാഗത്തെ 600 രൂപ ദിവസവേതന അടിസ്ഥാനത്തിലും. ഇത്‌  ഇരട്ടത്താപ്പാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top