07 August Friday

യുഡിഎഫിന്റെ അവിശുദ്ധ കൂട്ടുകെട്ടിനു പിന്നിൽ പരാജയഭീതി: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020
കോഴിക്കോട്‌ 
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജമാ-അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായി ചേർന്ന് അവിശുദ്ധ സഖ്യമുണ്ടാകാനുള്ള യുഡിഎഫ് തീരുമാനം എൽഡിഎഫിനെ നേരിടാനുള്ള ശേഷി യുഡിഎഫിന് നഷ്ടമായതിന്റെ പരസ്യപ്രഖ്യാപനമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ യുഡിഎഫിനകത്തെ  ശൈഥില്ല്യവും എൽഡിഎഫിന് അനുകൂലമായുള്ള  ജനകീയ അഭിപ്രായവും യുഡിഎഫിനെ വേവലാതിപ്പെടുത്തുന്നുണ്ട്‌.  മത തീവ്രവാദ സംഘടനകളുമായും മതരാഷ്ട്രവാദികളുമായും സഖ്യത്തിലേർപ്പെടാൻ യുഡിഎഫ്  തയ്യാറാവുന്നതിനു പിന്നിലും ഈ വേവലാതിയാണ്‌.  
രാജ്യത്തെ ബിജെപി സർക്കാർ മതനിരപേക്ഷത തകർക്കാനും  വർഗീയ അജൻഡ അടിച്ചേൽപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ഇത്തരം നീക്കത്തിനെതിരെ വിശാലമായ മതനിരപേക്ഷ കൂട്ടായ്മ ഉയർന്നുവരേണ്ട സന്ദർഭമാണിത്.  അത്തരമൊരു ഘട്ടത്തിൽ തെരഞ്ഞെടുപ്പു നേട്ടത്തിനായി മത -തീവ്രവാദ സംഘടനകളുമായി പരസ്യമായ സഖ്യമുണ്ടാക്കുന്നത്‌ വർഗീയ  ചേരിതിരിവ് സൃഷ്ടിക്കാനും ആർഎസ്എസിനെ ശക്തിപ്പെടുത്താനും  മാത്രമേ സഹായിക്കൂ.  
കോൺഗ്രസ് ഉൾപ്പെടെ യുഡിഎഫ് കക്ഷികളിലെ മതനിരപേക്ഷ വാദികളായ നേതാക്കളും പ്രവർത്തകരുമുൾപ്പെടെയുള്ളവർ ഇതിനെതിരെ പ്രതികരിക്കണം.
നാടിന്റെ മതനിരപേക്ഷത  സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവർ  ഇത്തരം നീക്കങ്ങൾക്കെതിരെ അണിനിരക്കണമെന്നും സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top