09 July Thursday
6 പേര്‍ക്ക് കൂടി കോവിഡ്

വേണം കരുതലേറെ

സ്വന്തം ലേഖകൻUpdated: Friday May 29, 2020

കോഴിക്കോട് 

ജില്ലയിൽ വ്യാഴാഴ്‌ച ആറുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ രണ്ടുപേർ വിദേശത്തുനിന്നും മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്.  ഒരാൾക്ക് സമ്പർക്കത്തിലൂടെയും രോഗം പകർന്നു.  

33 വയസ്സുള്ള ഫറോക്ക് സ്വദേശി, തൂണേരിയിലെ 30കാരൻ, അഴിയൂരിലെ 31കാരൻ, 32 വയസ്സുള്ള കൊയിലാണ്ടി മുചുകുന്ന്‌ സ്വദേശി, വളയം സ്വദേശി 37കാരൻ, പയ്യോളി തുറയൂരിലെ 47കാരൻ എന്നിവർക്കാണ്‌ രോഗബാധ. എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണ്‌. അതേസമയം രണ്ടുപേർ രോഗവിമുക്തരായത്‌ ജില്ലയ്‌ക്ക്‌ ആശ്വാസമായി. 

ഫറോക്ക്‌ സ്വദേശി 19ന് റിയാദിൽനിന്ന്‌ കരിപ്പൂരിലെത്തുകയും തുടർന്ന് ജില്ലാ ഭരണകേന്ദ്രം സജ്ജമാക്കിയ വാഹനത്തിൽ താമരശേരി കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. തൂണേരി സ്വദേശി മത്സ്യമൊത്ത വ്യാപാരിയാണ്. 25ന് കണ്ണൂരിൽ പോസിറ്റീവായ ആളുടെ പ്രാഥമിക സമ്പർക്കത്തിലുള്ള വ്യക്തിയാണ്.  അഴിയൂർ സ്വദേശി 14ന് ട്രാവലറിൽ ചെന്നൈയിൽനിന്ന്‌ യാത്ര തുടങ്ങി 15ന് കോഴിക്കോട്ടെത്തി.  വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.കൊയിലാണ്ടി മുചുകുന്ന് സ്വദേശി ചെന്നൈയിൽനിന്ന്‌ 14ന് സ്വകാര്യവാഹനത്തിൽ യാത്ര ചെയ്‌ത്‌ കൊയിലാണ്ടിയിൽ എത്തി കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. വളയം സ്വദേശി ഗുജറാത്തിൽനിന്ന്‌ മിനി ബസ്സിൽ യാത്രചെയ്‌ത്‌ 24ന് രാത്രി തലശേരിയിലെത്തി. വളയം കൊറോണ കെയർ സെന്ററിൽ  നിരീക്ഷണത്തിലായിരുന്നു.  പയ്യോളി തുറയൂർ സ്വദേശി ബഹറൈനിൽനിന്ന്‌ 27ന് കരിപ്പൂരിലെത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്നു.  

നിലവിൽ 33 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.  ഇതിൽ 15 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 13 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും അഞ്ചുപേർ കണ്ണൂരിലും ചികിത്സയിലാണ്. കൂടാതെ രണ്ടുവീതം മലപ്പുറം, കാസർകോട്‌ സ്വദേശികളും ഒരു തൃശൂർ സ്വദേശിയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരു തൃശൂർ സ്വദേശി എംവിആർ ക്യാൻസർ സെന്ററിലും ചികിത്സയിലുണ്ട്.

വ്യാഴാഴ്‌ച 201 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ആകെ 4304 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4132 ഫലം ലഭിച്ചു. ഇതിൽ 4064 എണ്ണം നെഗറ്റീവ് ആണ്.  172 പേരുടെ ഫലം ലഭിക്കാനുണ്ട്.

പ്രധാന വാർത്തകൾ
 Top