30 May Saturday

പുതിയ കേസില്ല; 10,654 പേര്‍ നിരീക്ഷണത്തില്‍

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020
കോഴിക്കോട്‌
ശനിയാഴ്‌ച ജില്ലയിൽ കോവിഡ്19 റിപ്പോർട്ട്‌ ചെയ്‌തില്ല. 10,654 പേർ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി ജയശ്രീ അറിയിച്ചു. ഇതിൽ 180 പേർ പുതുതായി നിരീക്ഷണത്തിൽ വന്നവരാണ്‌.  മെഡിക്കൽ കോളേജിൽ 20പേർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ബീച്ച് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലുണ്ടായിരുന്ന 19 പേരുടെയും ഫലം നെഗറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ അവരെ ഡിസ്ചാർജ്‌ ചെയ്യുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.  
ശനിയാഴ്‌ച  ആറ് സ്രവസാമ്പിളുകൾ പരിശോധനക്ക്‌ അയച്ചു.  ആകെ 244 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 227 എണ്ണത്തിന്റെ പരിശോധന ഫലം ലഭിച്ചു.  218 എണ്ണം നെഗറ്റീവാണ്. ഇനി 17 പേരുടെ  ഫലംകൂടി ലഭിക്കാനുണ്ട്. 
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള  ഒമ്പത് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന്  ഡോക്ടർമാർ അറിയിച്ചതായി കലക്ടർ സാംബശിവ റാവു വീഡിയോ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  
   ജില്ലയിൽ 75 കോവിഡ് കെയർ സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. അതിൽ ആറ് സെന്ററുകൾ വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കായി പ്രവർത്തിക്കുന്നു. 600 ഓളം പേരെ  സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി . അതിൽ അഞ്ചുപേർ  നിരീക്ഷണത്തിലുണ്ട്.
400 പിപിഇ കിറ്റുകൾ കെഎംസിഎല്ലിൽനിന്ന് ലഭിച്ചിട്ടുണ്ട്.  ബീച്ച് ആശുപത്രിയിൽ വെന്റിലേറ്ററുകളുടെ കുറവ് പരിഹരിക്കാൻ ജില്ലാ, താലൂക്ക് ആശുപത്രികളിലെ വെന്റിലേറ്ററുകൾ ഉപയോഗപ്പെടുത്തും. 
  അവശ്യവസ്തുക്കൾക്കായി  സംസ്ഥാനത്തിനു പുറത്തുപോകുന്ന   വാഹനങ്ങൾക്കുള്ള പെർമിറ്റ്  ഓൺലൈൻ വഴിയാക്കി. രണ്ടുദിവസംകൊണ്ട് 136 വാഹനങ്ങൾക്ക് പെർമിറ്റ് നൽകി. മദ്യാസക്തിയുടെ ഭാഗമായുള്ള  സാമൂഹ്യപ്രശ്‌നങ്ങൾ പരിഹരിക്കാനായി വിമുക്തി സെൽ പ്രവർത്തിക്കുന്നുണ്ട്. 9495002270 നമ്പറിൽ ബന്ധപ്പെടാം.  അതിഥി തൊഴിലാളികൾ കഴിയുന്ന 1,543 ക്യാമ്പുകളിൽ 31,839  തൊഴിലാളികളാണുള്ളതെന്നും പരമാവധി ആളുകൾക്ക് ഭക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top