കോഴിക്കോട്
15നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷൻ ജില്ലയിൽ 80.29 ശതമാനം പൂർത്തീകരിച്ചു. വെള്ളിവരെ ആകെ 90,841 പേരാണ് വാക്സിൻ സ്വീകരിച്ചത്. ഈ പ്രായപരിധിയിൽ ജില്ലയിലാകെ 1,13,126 കുട്ടികളാണുള്ളത്.
ഈ മാസം ആദ്യവാരമാണ് കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചത്. 15 നും 18നും ഇടയിലുള്ളവർക്കാണ് വാക്സിൻ വിതരണംചെയ്തത്. എന്നാൽ കോവിൻ പോർട്ടലിൽ പ്രായപരിധി മാനദണ്ഡം 15–-17 ആയതിനാൽ ഈ രീതിയിലാണ് നിലവിൽ കണക്കെടുക്കുന്നത്. 15–-18 പ്രായപരിധിയിൽ ഏതാണ് 1.43 ലക്ഷം പേരാണുള്ളത്.
കുട്ടികളുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കുന്നതിനായി സ്കൂളുകളിൽ മൂന്ന് ദിവസം ‘എജ്യുഗാർഡ്’ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആരോഗ്യ സംഘം സ്കൂളുകളിൽ നടത്തിയ ക്യാമ്പിൽ 35,000 കുട്ടികൾ വാക്സിനെടുത്തു. നിലവിൽ ആരോഗ്യ കേന്ദ്രങ്ങളിലെത്തിയാണ് കുട്ടികൾ വാക്സിനെടുക്കുന്നത്. 552 കുട്ടികളാണ് വെള്ളിയാഴ്ച വാക്സിൻ പൂർത്തീകരിച്ചത്.
ഒമ്പതാം ക്ലാസ് മുതൽ പ്ലസ്ടു വരെ വിദ്യാർഥികളുടെ എണ്ണം പരിശോധിക്കുമ്പോൾ താമരശേരി വിദ്യാഭ്യാസ ജില്ലയാണ് വാക്സിനേഷനിൽ മുന്നിൽ. 68.4 ശതമാനമാണ് നേട്ടം. കോഴിക്കോട്, വടകര വിദ്യാഭ്യാസ ജില്ലകൾ 64.2, 62.3 എന്നിങ്ങനെയാണ് വാക്സിൻ പൂർത്തീകരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..