03 December Friday

മുക്കത്ത് ‘സ്റ്റാമിന' 
പദ്ധതിക്ക് തുടക്കം

സ്വന്തം ലേഖകൻUpdated: Thursday Oct 28, 2021
മുക്കം
കുട്ടികളുടെ കായികാരോഗ്യം വർധിപ്പിക്കാൻ മുക്കം നഗരസഭ ആവിഷ്കരിച്ച "സ്റ്റാമിന' പദ്ധതിക്ക് തുടക്കം. അഞ്ച് മുതൽ 15 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് ഫുട്ബോൾ, വോളിബോൾ എന്നിവയിൽ പരിശീലനം നൽകുന്ന പദ്ധതിയാണിത്‌. നഗരസഭയിലെ കായിക ക്ലബ്ബുകളുടെയും കുടുംബശ്രീയുടെയും പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. 
പരിശീലനശേഷം കുട്ടികൾക്ക് ഓരോ ദിവസവും പഴം, മുട്ട, പാൽ എന്നിവ നൽകും. ജേഴ്സി, ഷൂ എന്നിവ സ്പോൺസറിങ്ങിലൂടെ കണ്ടെത്തും. മറ്റ് കളിയുപകരണങ്ങൾ പദ്ധതിയുടെ ഭാഗമായി നൽകും. മുക്കം ഫുട്ബോൾ അക്കാദമിയാണ് പരിശീലനം ഏറ്റെടുത്തത്‌. മാമ്പറ്റ മിനി സ്റ്റേഡിയത്തിൽ എംഎസ്‌പി മുൻ പരിശീലകൻ അബൂബക്കർ സിദ്ധിക് മമ്പാട്, വിനീഷ് മുക്കം എന്നിവർ കുട്ടികളെ പരിശീലിപ്പിക്കും. മുത്തേരി സ്കൂൾ ഗ്രൗണ്ടിലും പരിശീലനം നടക്കും. ചേന്നമംഗല്ലൂർ, കല്ലുരുട്ടി എന്നീ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. 300 കുട്ടികൾക്ക് കായിക പരിശീലനം നൽകാനാണ് ലക്ഷ്യം.
പെൺകുട്ടികൾക്ക് പ്രത്യേക ബാച്ച് തുടങ്ങാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. മൂന്ന് വർഷമായി സ്റ്റാമിന പരിശീലനങ്ങൾ നടക്കുന്നുണ്ടെങ്കിലും പ്രീമിയർ ലീഗ് മാതൃകയിലേക്ക് മാറാൻ ഈ വർഷമാണ് ഒരുങ്ങുന്നത്.   
സ്റ്റാമിനയുടെ ആദ്യ ബാച്ച്  മാമ്പറ്റ മിനി സ്റ്റേഡിയത്തിൽ നഗരസഭാ ചെയർമാൻ പി ടി ബാബു ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ-- കായിക സ്ഥിരം സമിതി അധ്യക്ഷൻ ഇ സത്യനാരായണൻ അധ്യക്ഷനായി. കൗൺസിലർമാരായ പ്രജിത പ്രദീപ്, എം വി  രജനി, എം മധു, വസന്തകുമാരി എന്നിവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി എൻ കെ ഹരീഷ് പദ്ധതി വിശദീകരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top