07 December Wednesday

എസ്‌ഐഒ സമരം ആസൂത്രിതമെന്ന്‌ തെളിയുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
കോഴിക്കോട്‌
ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി വിഭാഗം ഹിജാബ്‌ സമരത്തിന്റെ പേരിൽ പൊലീസിനുനേരെ നടത്തിയത്‌ ആസൂത്രിത ആക്രമണം. വിഷയം കത്തിച്ച്‌ സംഘർഷം പടർത്തുകയായിരുന്നു ലക്ഷ്യം. അലൂമിനിയം പൈപ്പിൽ കൊടികെട്ടിയാണ്‌ പ്രവർത്തകർ എത്തിയത്‌. ഇതുപയോഗിച്ചാണ്‌ ആക്രമിച്ചത്‌. ഉന്നതപൊലീസ്‌ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക്‌ തലക്കും കണ്ണിനും പരിക്കേറ്റു. ഹിജാബ് വിലക്കിനെതിരെ പ്രൊവിഡൻസ് സ്‌കൂളിലേക്ക് എസ്‌ഐഒ, ജിഐഒ എന്നിവയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്‌ എങ്കിലും ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി പ്രവർത്തകരായിരുന്നു നേതൃത്വംനൽകിയത്‌. സമരം തുടങ്ങുമെന്ന്‌ പ്രഖ്യാപിച്ച സ്ഥലത്ത്‌ കുറച്ചു പ്രവർത്തകരെ നിർത്തി. പൊലീസും ഇവിടെയായിരുന്നു നിലയുറപ്പിച്ചത്‌. അതേസമയം അക്രമം ലക്ഷ്യമിട്ട സംഘം മറ്റൊരുവഴിയിലൂടെ സ്‌കൂളിലേക്ക്‌ കടക്കാൻ ശ്രമിച്ചു. ഇതു തടഞ്ഞപ്പോഴായിരുന്നു അക്രമം. ഈ വിഷയത്തിൽ നിരവധി വിദ്യാർഥി സംഘടനകൾ സ്‌കൂളിലേക്ക്‌ മാർച്ച്‌ നടത്തിയിട്ടുണ്ട്‌. എല്ലാ മാർച്ചും സമാധാനപരമായിരുന്നു. അതിനാൽ പൊലീസ്‌ കാര്യമായ മുൻകരുതൽ സ്വീകരിച്ചിരുന്നില്ല. ഇത്‌ മുതലെടുത്തായിരുന്നു ആക്രമണം. അസി. കമീഷണർ പി ബിജുരാജിന്‌ തലയ്ക്കാണ്‌ അടിയേറ്റത്‌. സിഐ ജിജീഷിന്‌ കണ്ണിനാണ്‌ പരിക്ക്‌. എസ്‌ഐ കൈലാസനാഥ്‌, എഎസ്‌ഐ വി കെ സജീവ്‌, സിപിഒമാരായ മനേഷ്‌ കുമാർ, വി ഷിജിത്ത്‌, കിരൺ, ശശിധരൻ എന്നിവർക്കും പരിക്കേറ്റു. 16 പ്രവർത്തകരെ സംഭവസ്ഥലത്തുനിന്ന്‌ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തു. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്‌.  ഇതുൾപ്പെടെ പരിശോധിച്ചാണ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌. 
 അറസ്റ്റുചെയ്ത സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ എസ്ഐഒ, ജിഐഒ പ്രവർത്തകരെ വിട്ടയക്കണമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി സിറ്റി പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി, എസ്ഐഒ ജില്ലാ പ്രസിഡന്റ്‌ അൻവർ കോട്ടപ്പള്ളി, ശിഹാബുദീൻ ഇബ്നു ഹംസ, ഷാഹുൽ കക്കോടി, ഷംന എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top