19 September Sunday

മകരകൃഷിക്കായി പാടങ്ങൾ ഉണരുന്നു

എ സജീവ് കുമാർUpdated: Wednesday Jul 28, 2021

നടേരി കുതിരക്കൊട വയലിൽ മകരക്കാല കൃഷിക്കുള്ള ഒരുകങ്ങൾ

കൊയിലാണ്ടി   
ഇന്ധന വിലവർധനവ്‌  കാർഷിക മേഖലയെ  തളർത്തുമ്പോഴും  മകരകൃഷിക്കായി പാടങ്ങൾ ഉണരുകയാണ്. ജൂലൈ, ആഗസ്‌ത്‌ മാസങ്ങളില്‍ ഞാറ്റടി തയ്യാറാക്കി വിത്തെറിഞ്ഞാലേ  ഞാറു പറിച്ച് നടാന്‍ കഴിയുകയുള്ളൂ. 
വില വര്‍ധന  കാര്‍ഷിക യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള  ചെലവും ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം ഒരു മണിക്കൂര്‍ ടില്ലര്‍ കൊണ്ട് നിലം ഉഴുതുമറിക്കാന്‍ 600 രൂപയായിരുന്നെങ്കില്‍ ഇത്തവണ അത്‌ 650 രൂപയായി ഉയര്‍ന്നു. ട്രാക്ടര്‍കൊണ്ട് നിലം പാകപ്പെടുത്താന്‍ മണിക്കൂറിന് 750 രൂപ വേണം. ചില പാടശേഖര സമിതികള്‍ക്ക് സ്വന്തമായി ടില്ലര്‍ ഉണ്ടെങ്കിലും ഓപ്പറേറ്റര്‍മാര്‍ ഇല്ലാത്തതിനാൽ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നില്ല. നെല്‍കൃഷി മേഖലയില്‍ വിദഗ്ധ തൊഴിലാളികളെ കിട്ടാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. സ്ത്രീകള്‍ക്ക് 500 രൂപയും പുരുഷന്മാർക്ക്‌  850 രൂപയുമാണ് കൂലി. തൊഴിലുറപ്പു തൊഴിലാളികളെ  കൃഷിപ്പണിക്ക്‌ ഇറക്കണമെന്ന അഭിപ്രായം പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചർച്ച ചെയ്യുന്നുണ്ട്‌.    
അത്യുല്‍പ്പാദന ശേഷിയുള്ള വൈശാഖ്,  ജയ, ഉമ  വിത്തുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ 16 മുതല്‍ 22 വരെ ദിവസത്തിനുള്ളില്‍ ഞാറ് പറിച്ചു നടണം. ഇത്തരം വിത്തുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ 120 ദിവസം കൊണ്ട് വിളവെടുക്കാം. പരമ്പരാഗത നെല്‍വിത്തുകളാകുമ്പോൾ  വിളവെടുക്കാന്‍ അഞ്ചര മാസത്തോളം വേണം. പൂണാരൻ, വെള്ളപ്പൂണാരൻ, ആനക്കൊടൻ തുടങ്ങി നിരവധി പരമ്പരാഗത വിത്തിനങ്ങളുണ്ട്. ഇവയെല്ലാമാണ് മകരക്കൊയ്ത്തിലേക്കെത്തുന്നത്. വേഗത്തില്‍ പറിച്ചു നട്ടാല്‍ മാത്രമേ കൂടുതല്‍ കണകള്‍ പൊട്ടി കുടുതല്‍ ഉല്‍പ്പാദന ശേഷി കൈവരിക്കുകയുള്ളൂ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top