26 September Sunday

ഇവിടെ കാറ്റിനുസുഗന്ധം...

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021

പന്നിയങ്കര മേൽപ്പാലത്തിനടിയിലെ പൂന്തോട്ടം നനയ്‌ക്കുന്ന ഷംസീർ

സ്വന്തം ലേഖിക
കോഴിക്കോട്‌
ചീറിപ്പാഞ്ഞ്‌ പോകുന്ന വാഹനങ്ങൾക്കും  തിരക്കിലൊഴുകുന്ന ആളുകൾക്കുമിടയിൽ  പൂത്തുലഞ്ഞ്‌ നറുമണം പരത്തുന്ന  ഉദ്യാനം. മാലിന്യ കൂമ്പാരങ്ങളും തെരുവു നായ്‌ക്കളും നിറഞ്ഞിടത്താണിപ്പോൾ   നന്ത്യാർവട്ടവും റോസും തെച്ചിയുമെല്ലാം മനസ്സിന്‌ കുളിർക്കാഴ്‌ചയാകുന്നത്‌  . പന്നിയങ്കര മേൽപ്പാലത്തിന്‌ താഴെയാണീ ചെറു ഉദ്യാനം. 
മാലിന്യം തള്ളുന്ന കേന്ദ്രമായിരുന്ന ഇവിടം  ഉദ്യാനമായി മാറിയത്‌ ഒരു വർഷം മുമ്പാണ്‌. പയ്യാനക്കൽ സ്വദേശിയായ പി ഷംസീറിന്റെ അധ്വാനവും ഇടപെടലുമാണ്‌ ഇവിടം പൂവാടിയാക്കിയത്‌. നേരത്തെ പന്നിയങ്കരയിൽ താമസിച്ചിരുന്ന ഷംസീർ ആ കഥ പറയുന്നു. ‘പാലത്തിന്‌ താഴെ പാർക്കിങ്‌ സൗകര്യമില്ലാത്തതിനാൽ വാഹനങ്ങളൊന്നും പ്രവേശിച്ചിരുന്നില്ല. പതിയെ ഇത്‌ മാലിന്യചാക്കുകൾ നിക്ഷേപിക്കാനുള്ള കേന്ദ്രമായി. അങ്ങനെ തെരുവ്‌ നായ്‌ക്കളും  കൂടി.  എന്റെ കൺമുന്നിലാണ്‌ നായ കുറുകെ ചാടി ബൈക്കപകടം ഉണ്ടായത്‌. അതോടെയാണ്‌   ഉദ്യാനമാക്കിയാൽ മാലിന്യം നിക്ഷേപിക്കുന്നതിനും തെരുവ്‌ നായകളെത്തുന്നതിനും  അറുതിയാവുമെന്ന ചിന്ത വന്നത്‌’.
ഷംസീർ വീട്ടിൽനിന്ന്‌  ചെടികൾ കൊണ്ടുവന്ന്‌ കുഴിച്ചിടാൻ തുടങ്ങിയതോടെ നാട്ടുകാരിൽ ചിലരും  കൂടെ കൂടി. എല്ലാവരും ചേർന്ന്‌ 150 മീറ്റർ സ്ഥലം    മണ്ണിറക്കി നിരപ്പാക്കി.   സമീപ പ്രദേശങ്ങളിലെ വീട്ടുകാരും ചെടികൾ നൽകി.  45000 രൂപ   ചെലവിട്ടു. രാവിലെയും വൈകിട്ടും ഷംസീർ സമീപത്തെ മദ്രസയിൽ നിന്ന്‌‌ വെള്ളമെടുത്ത്‌  നനയ്‌ക്കും.  
ഇരിപ്പിടങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാൻ  പിഡബ്ല്യുഡി വിഭാഗം  തയ്യാറായാൽ ഇവിടം  വിശ്രമ കേന്ദ്രമായി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ്‌ ഡിടിപി ഓപ്പറേറ്ററായ ഷംസീർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top