23 January Wednesday

'ശിവപുരം കോട്ട'യ്ക്ക് മഷിപുരളുമ്പോൾ പണിക്കോട്ടിക്ക് ആഹ്ലാദമേറെ

പി കെ സജിത്Updated: Saturday Jul 28, 2018

വടകര

48 വർഷങ്ങൾക്ക് മുമ്പാണെന്നാണ് ഓർമ.  ഒരു ദിവസം തലശേരി താലൂക്കിലെ മാഹിപ്പുഴക്കടുത്തുള്ള ശ്രീകൃഷ്ണ ഭജനസമിതിക്കുവേണ്ടി 'ശിവപുരം കോട്ട' നാടകം അവതരിപ്പിച്ചപ്പോൾ ലഭിച്ച സ്വീകരണം ഇപ്പോഴും മനസ്സിലുണ്ട്. അവതരണത്തോടൊപ്പം നാടകത്തിലെ കളരിപ്പയറ്റും കാണികൾക്ക് ഏറെ രസിച്ചു. കർട്ടൻ വീഴാൻ കാത്തിരിക്കുകയായിരുന്നു, ഭാരവാഹികൾ വന്ന് ഞങ്ങളെ എടുത്തുയർത്തി. നാടകം രചിച്ച എന്നെയും. നാലരപ്പതിറ്റാണ്ടിനു ശേഷം ശിവപുരം കോട്ട എന്ന നാടകം പുസ്തകമാകുമ്പോൾ വടക്കൻപാട്ടിലൂടെ ശ്രദ്ധേയനായ എം കെ പണിക്കോട്ടിക്കിത് അഭിമാന നിമിഷം. വടക്കൻപാട്ട് കഥകളിൽ പരാമർശിക്കുന്നതുപോലെ നഷ്ടപ്പെട്ടത് വീണ്ടെടുത്തതിന്റെ സന്തോഷം കൂടിയാണ് പണിക്കോട്ടിക്ക് ഈ പ്രകാശനം. നാലരപ്പതിറ്റാണ്ടു മുമ്പ് രചിച്ച നാടകത്തിന്റെ കൈയെഴുത്തുപ്രതി നഷ്ടപ്പെട്ടിരുന്നു. 
എത്ര നാടകമെഴുതിയെന്ന് ഒരു തിട്ടവുമില്ല. എഴുതുന്നതൊന്നും സൂക്ഷിക്കുന്ന ഏർപ്പാട‌് അന്നും ഇന്നുമില്ല. ആദ്യത്തേത് പ്രതിധ്വനി എന്നാണ് ഓർമ. ജീവിതം ഒരു സുന്ദരസ്വപ്നമല്ല, ദൈവം നിരപരാധിയാണ്, പൊലീസ് വെരിഫിക്കേഷൻ, ബ്രഹ്മരക്ഷസ്, തീപിടിച്ച തലകൾ എന്നിങ്ങനെ ഒരുപാട‌് നാടകങ്ങളെഴുതി.
പാലോളിപ്പാലത്തെ കുറിയിൽ കൃഷ്ണനെന്ന സഹപ്രവർത്തകൻ നിർബന്ധിച്ചിട്ടാണ് 1970ൽ പുതുപ്പണം കളരിക്കുവേണ്ടി വടക്കൻ പാട്ടിനെ ആസ്പദമാക്കി ശിവപുരം കോട്ട എന്ന നാടകമെഴുതുന്നത്. കൃഷ്ണൻ അത് പുതുപ്പണത്തെ കളരി ആശാനായ കരുണനു നൽകി. പുതുപ്പണം ഭജനമഠത്തിലായിരുന്നു അരങ്ങേറ്റം. നാടകത്തിൽ ഒതേനനും മകനും തമ്മിലുള്ള പോരാട്ടം  പ്രധാനമാണ്. പക്ഷെ പയറ്റ‌് പത്തുമിനിറ്റേയുള്ളൂ. എന്റെ വിമർശനത്തെ തുടർന്ന് പിന്നീട് അരമണിക്കൂറാക്കി. അവസാന ഭാഗത്തിൽ ഞാൻതന്നെ ചില മാറ്റവും വരുത്തി. 
മഠക്കാരുടെ ആവശ്യാർഥം പുതുപ്പണത്ത് വീണ്ടും നാടകം കളിച്ചു. പിന്നീട് നൂറിലേറെ വേദികൾ. പലയിടത്തും കളികാണാൻ ഞാനും പോവും. ഇതിനിടെ കരുണൻ നാടകം കോയമ്പത്തൂരിൽ കൊണ്ടുപോയി സിനിമാക്കാർക്ക് കൊടുത്ത് കാശുവാങ്ങി. ഇതറിഞ്ഞപ്പോൾ നാടകം തിരിച്ചുവാങ്ങി. അവർ പേരുമാറ്റി  കളിച്ചു. ഒരു നയാപൈസപോലും എനിക്കുതന്നില്ല. 'ഒതേനന്റെ മകൻ'എന്നപേരിൽ സിനിമയും പുറത്തുവന്നു. കുറെക്കാലമോടി. കേസുകൊടുക്കാനും നിർവാഹമില്ല. വടക്കൻപാട്ടു കഥയാണല്ലോ. 48 വർഷങ്ങൾക്കുശേഷം  വി കെ ബാലന്റെ ശേഖരത്തിൽ നിന്നാണ് കൈയെഴുത്തുപ്രതി ലഭിച്ചത് ‐എം കേളപ്പൻ പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top