24 August Saturday

കുന്നമംഗലം അർബൻ സൊസൈറ്റിയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019
കുന്നമംഗലം
കോൺഗ്രസ് ഭരിക്കുന്ന കുന്നമംഗലം അർബൻ സഹകരണ സൊസൈറ്റിയിൽ കോടികളുടെ നിക്ഷേപം തട്ടിയെടുത്തതായി പരാതി. രണ്ട് നിക്ഷേപകർ കുന്നമംഗലം പൊലീസിലും സഹകരണ വകുപ്പ് ജോ. രജിസ്ട്രാർക്കും  പരാതി നൽകി. കാരന്തൂർ സ്വദേശി പള്ളിക്കൽ അഡ്വ. ഉമേഷും കുന്നമംഗലം സ്വദേശി കൃഷ്ണൻകുട്ടിയുമാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. സഹകരണ വകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ തട്ടിപ്പ‌് നടന്നതായി സ്ഥിരീകരിക്കുകയും വിശദ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. 
കോൺഗ്രസ് നേതാവായ പത്മാക്ഷനാണ് സൊസൈറ്റി പ്രസിഡന്റ‌് . പത്മാക്ഷൻ, സെക്രട്ടറി ജിഷ, ഭരണ സമിതി അംഗങ്ങൾ എന്നിവർക്കെതിരെയാണ് കേസ് . ഉമേഷിന്റെ 23 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും  കൃഷ്ണൻകുട്ടിയുടെ 12 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവുമാണ് ബാങ്കിൽനിന്നും കാണാതായത‌് . ഇവർ മാത്രമാണ‌് രേഖാമൂലം പരാതി നൽകിയിട്ടുള്ളത്. നൂറ് കണക്കിന് നിക്ഷേപകരുടെ രണ്ട് കോടിയോളം രൂപ ബാങ്കിൽ നിന്ന് കാണാതായിട്ടുണ്ട‌്. ദിവസവും നിക്ഷേപകർ ബാങ്കിലത്തി ബഹളം വെയ‌്ക്കുന്നുണ്ട‌് .  തട്ടിപ്പിനിരയായ കൂടുതൽ പേർ പൊലീസിനെ  സമീപിക്കാനൊരുങ്ങുകയാണ‌്.  
ഏകദേശം രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കരുതുന്നത്. നിക്ഷേപകർ  പണം തിരിച്ചു കിട്ടാൻ ബാങ്കിനെ സമീപിച്ചപ്പോൾ നൽകാൻ  പണമുണ്ടായിരുന്നില്ല. ഭരണ സമിതി അംഗങ്ങളും സെക്രട്ടറിയും സെഷൻസ് കോടതിയിൽ  മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും  തള്ളി. പരാതിക്കാർക്ക് പണം നൽകാൻ പൊലീസ് നൽകിയ സമയ പരിധിയും കഴിഞ്ഞു. സഹകരണ വകുപ്പും നിക്ഷേപകർക്ക് പണം നൽകാൻ സമയ പരിധി നൽകിയിരുന്നു. അതും അവസാനിച്ചു. 
പുതിയ ഷെയറും നിക്ഷേപവും സ്വീകരിച്ചും പണം തിരികെ നൽകുമെന്നായിരുന്നു പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഉറപ്പ് . ഇതിന‌് സാധിച്ചിട്ടില്ല. ബാങ്കിൽ ജോലി ചെയ്തിരുന്ന  ജീവനക്കാരി തട്ടിപ്പ് നടത്തിയെന്നാണ് ഇവർ പറയുന്നത് . എന്നാൽ,  ജീവനക്കാരിക്കെതിരെ ബാങ്ക‌് ഭരണസമിതി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. ഇതിൽ ഒത്തുകളിയുള്ളതായി നിക്ഷേപകർ പറയുന്നു.  നിയമപരമായ പലിശക്ക് പുറമെ ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ്  ബാങ്ക‌് നിക്ഷേപം സ്വീകരിച്ചത്. ആ നിക്ഷേപമാണ് കാണാതായത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top