07 December Saturday

നഗരസഭാ ബില്ലുകൾ സബ‌് ട്രഷറി ഓഫീസർ തടഞ്ഞുവയ്‌ക്കുന്നു: ചെയർമാൻ

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019
വടകര
നഗരസഭയുടെ പദ്ധതിചെലവുകൾ ഉൾപ്പെടെ ഒന്നരകോടിയോളം രൂപയുടെ ബില്ലുകൾ പല കാരണങ്ങൾ പറഞ്ഞ‌് വടകര സബ‌് ട്രഷറി ഓഫീസർ തടഞ്ഞുവച്ചതായി നഗരസഭാ ചെയർമാൻ കെ ശ്രീധരൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സാധാരണക്കാർക്ക‌് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള തുകയാണ‌് സബ‌് ട്രഷറി ഓഫീസർ തടഞ്ഞുവച്ചത‌്‌.   
സ്വകാര്യ വ്യക്തിയുടെ ഒരു കെട്ടിടത്തിന‌് നിയമവിരുദ്ധമായി നമ്പർ നൽകാൻ സമ്മർദ്ദ തന്ത്രത്തിലൂടെ വടകര സബ‌് ട്രഷറി ഓഫീസർ ശ്രമിക്കുകയാണ‌്. നിലവിലെ സബ്‌ ട്രഷറി മാറ്റിസ്ഥാപിക്കാനായി കണ്ടെത്തിയ കെട്ടിടം മിക‌്സഡ‌് യൂസ‌് സോണിൽ നിലനിൽക്കുന്നതാണ‌്. റീജ്യണൽ ടൗൺ പ്ലാനർ നൽകിയ അനുമതി പ്രകാരം താഴത്തെനില പാർക്കിങിനും ഒന്നാംനില വ്യാപാര ആവശ്യങ്ങൾക്കും രണ്ട‌്, മൂന്ന‌് നിലകൾ താമസആവശ്യങ്ങൾക്കുള്ള ഡോർമെറ്ററിയുമായാണ‌് അനുമതി നൽകിയത‌്. ഇതിൽ രണ്ടും മൂന്നും നിലകൾ ഉപയോഗിക്കുമ്പോൾ മാറ്റം വരുത്താൻ പാടില്ല എന്ന നിബന്ധനയും ഉണ്ട‌്. 
ഡോർമെറ്ററിയായി ഉപയോഗിക്കേണ്ട മൂന്നാംനിലയിൽ സബ‌് ട്രഷറിക്കുള്ള പാർട്ടീഷൻ പ്രവർത്തനങ്ങൾ നടത്തി കെട്ടിടത്തിലേക്ക‌് ട്രഷറി മാറ്റാനുള്ള ശ്രമമാണ‌് നടക്കുന്നത‌്.  നഗരസഭ എഞ്ചീനീയറിങ്ങ‌് വിഭാഗം ഇത‌് ഓഫീസായി ഉപയോഗിക്കാൻ കഴിയില്ലെന്ന‌് ട്രഷറി ഓഫീസറെ അറിയിച്ചതാണ‌്. റീജ്യണൽ ടൗൺ പ്ലാനർ നൽകിയ അംഗീകാരത്തിന‌് വിരുദ്ധമായ നിലപാട‌് സ്വീകരിക്കാൻ നഗരസഭക്ക‌് അധികാരമില്ലെന്ന കാര്യം ട്രഷറി അധികൃതരെ അറിയിച്ചതാണ‌്. 
സർക്കാർ അനുമതി ലഭ്യമാക്കിയോ ആർടിപിയിൽ നിന്നും മാറ്റം വരുത്തി അംഗീകാരം വാങ്ങുകയോ ചെയ്യുന്നതിന‌് പകരം നിയമാനുസൃത നടപടി സ്വീകരിച്ച നഗരസഭയുടെ ബില്ലുകൾ അനധികൃതമായി തടഞ്ഞുവെച്ച‌് സമ്മർദതന്ത്രം പയറ്റുകയാണ‌് സബ്‌ ട്രഷറി ഓഫീസർ. കെട്ടിടം വാടകക്ക‌് എടുക്കുമ്പോൾ കെട്ടിടത്തിന‌് നമ്പർ ലഭിച്ചിട്ടുണ്ടോ എന്ന‌ുപോലും പരിശോധിക്കാതെയാണ‌് സർക്കാർ പണം ചെലവഴിച്ച‌് സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലേക്ക‌് ഓഫീസ‌് മാറ്റാൻ ട്രഷറി ഓഫീസർ ശ്രമിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു. 
നഗരസഭയുടെ ബില്ലുകൾ  പാസാക്കാൻ നിർദേശം നൽകണമെന്ന‌് ആവശ്യപ്പെട്ട‌് ധനകാര്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ മന്ത്രിക്കും കലക്ടർക്കും സംസ്ഥാന ട്രഷറി വകുപ്പിനും കത്ത‌് നൽകിയതായും ചെയർമാൻ കെ ശ്രീധരൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ നഗരസഭാ സെക്രട്ടറി കെ യു ബിനി, അസി. എൻജിനീയർ എസ‌് ശോഭ, കെ പ്രവീൺകുമാർ, പി ഗീതിക എന്നിവരും പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top