11 July Saturday

കരുതലിൽ പരീക്ഷയെഴുതി ഹയർസെക്കൻഡറിക്കാരും

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
സ്വന്തം ലേഖിക
കോഴിക്കോട്‌
കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ ഹയർ സെക്കൻഡറി പരീക്ഷ. ജില്ലയിൽ  176  കേന്ദ്രങ്ങളിലായി ബുധനാഴ്‌ച രാവിലെ 9.45  മുതൽ 12 വരെയാണ്‌ ലോക്‌ഡൗണിന്‌ ശേഷമുള്ള പ്ലസ്‌ടു, പ്ലസ്‌വൺ ആദ്യ പരീക്ഷ നടന്നത്‌. മാസ്‌ക്‌ ധരിച്ചും കൈ കഴുകിയും  സാനിറ്റെസർ ഉപയോഗിച്ചും അണുവിമുക്തമാക്കിയതിന്റെ ആത്മവിശ്വാസവും ധൈര്യത്തിലുമായിരുന്നു കുട്ടികളും അധ്യാപകരും. കെസ്‌ആർടിസി, സ്‌കൂൾ ബസ്സുകൾ തുടങ്ങി ആവശ്യമുള്ളവർക്ക്‌ യാത്രാക്രമീകരണവും ഒരുക്കി. 
മാർച്ചിൽ 46545 കുട്ടികൾ പ്ലസ്‌ടു പരീക്ഷയ്‌ക്കായും പ്ലസ്​വണ്ണിന്​ 45847 പേരുമാണ്‌ ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തത്‌. ലോക്‌ഡൗണിൽ മറ്റ്‌ ജില്ലകളിൽ കുടുങ്ങി തിരിച്ചെത്താൻ ബുദ്ധിമുട്ടിയ കുറച്ചുപേർ‌ ആ ജില്ലകളിൽ തന്നെ പരീക്ഷ എഴുതി‌. ശരീരോഷ്മാവ് പരിശോധിച്ചശേഷമാണ് ഹാളിലേക്ക് കയറ്റിയത്‌. കൃത്യമായി സാമൂഹിക അകലം പാലിച്ചാണ്‌ ഈ നടപടികളെല്ലാം പൂർത്തിയാക്കിയത്‌.  
രണ്ട്‌ മാസങ്ങൾക്ക്‌ ശേഷം കൂട്ടുകാരെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികൾ. എന്നാൽ രോഗവ്യാപനത്തിന്റെ നിയന്ത്രണത്തിനായി വിശേഷം പറയലും സൗഹൃദവുമെല്ലാം വിദ്യാർഥികൾ സാമൂഹികാകലത്തിൽ ഒതുക്കി. പരീക്ഷക്കു ശേഷം രക്ഷിതാക്കൾക്കൊപ്പം അതത്‌ വാഹനത്തിൽ വേഗത്തിൽ തന്നെ കുട്ടികളെ മടക്കാൻ നിർദേശങ്ങളുമായി പൊലീസുമുണ്ടായിരുന്നു.  
പ്ലസ് വൺ വിഭാഗത്തിൽ മ്യൂസിക്, അക്കൗണ്ടൻസി, ജോഗ്രഫി, സോഷ്യൽ വർക്ക്, സംസ്‌കൃത സാഹിത്യം എന്നിങ്ങനെയും പ്ലസ്ടുവിൽ ബയോളജി, ജിയോളജി, സംസ്‌കൃതസാഹിത്യം, ഇലക്ട്രോണിക്‌സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ്, പാർട്ട് മൂന്ന് ലാംഗ്വേജസ് എന്നീ വിഷയങ്ങളിലുമാണ്‌ ബുധനാഴ്‌ച പരീക്ഷ നടന്നത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top