03 July Friday

‘മൊബൈലായി’ ഫോൺ വിൽപ്പനയും

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

മൊബൈൽഫോൺ ഷോപ്പ്‌ ജീവനക്കാർ വീട്ടിലെത്തി ഫോൺ ൈകമാറുന്നു

കോഴിക്കോട്‌
ആവശ്യക്കാർക്ക്‌ ഇഷ്ടമുള്ള സ്‌മാർട്ട്‌ ഫോൺ വീട്ടിലെത്തും. കടയിലെത്തി ഫോൺ വാങ്ങാൻ കഴിയാത്തവർക്കായി പുതിയ സംവിധാനമൊരുക്കുകയാണ്‌ ‌ മൊബൈൽ ഫോൺ കച്ചവടക്കാർ.
കോവിഡ്‌ കാലത്തിന്‌ മുമ്പും ചില പ്രമുഖ ഷോറൂമുകൾ ഹോം ഡെലിവറി നടത്തിയിരുന്നു. എങ്കിലും പരമാവധി ആളുകളെ ഷോറൂമിൽ എത്തിക്കാനായിരുന്നു ശ്രമം. സമ്പൂർണ അടച്ചിടലിൽ ഇളവ്‌ നൽകി മൊബൈൽ കടകൾ തുറന്നപ്പോൾ ഉപഭോക്താക്കളുടെ‌ കുറവുണ്ട്‌. അതേസമയം, ഫോണുകൾക്കായി അന്വേഷണമുണ്ട്‌. ഇതോടെയാണ്‌ ഹോം ഡെലിവറിയിലേക്ക്‌ കച്ചവടക്കാർ തിരിഞ്ഞത്‌.
20000 രൂപയിൽ താഴെ വിലയുള്ള ഫോണുകളാണ്‌ വിൽപ്പനയിൽ മുമ്പിൽ. പ്രീമിയം ഫോണുകൾ ആവശ്യപ്പെട്ട്‌ വിളിക്കുന്നവരുണ്ടെങ്കിലും എണ്ണത്തിൽ കുറവാണ്‌. അടച്ചുപൂട്ടലിനിടെ ഫോൺ കേടുവന്നവരാണ്‌ ഹോം ഡെലിവറിക്കായി സമീപിക്കുന്നവരിലധികം. ഷോറൂമിന്റെ 10–-15 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക്‌ ഫോൺ എത്തിച്ചുനൽകും. ദിവസവും പത്തോളം ഫോണുകൾ വീട്ടിലെത്തിക്കുന്നുണ്ടെന്ന്‌ വയനാട്ടിൽ മൊബൈൽ ഫോൺ കട നടത്തുന്ന സുഹൈൽ പറഞ്ഞു. ഓൺലൈൻ വിൽപ്പന കുറഞ്ഞതും ആളുകൾക്ക്‌ എത്തിപ്പെടാനുള്ള പ്രയാസവുമാണ്‌ ഹോം ഡെലിവറിക്ക്‌ ഡിമാൻഡ്‌ കൂട്ടിയതെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം.
സെക്കൻഡ്‌ ഹാൻഡ്‌ മൊബൈൽ ഫോണുകളുടെ കച്ചവടത്തിൽ ഇടിവുണ്ടായിട്ടുണ്ട്‌. ആവശ്യക്കാരുണ്ടെങ്കിലും ഫോണുകൾ വേണ്ടത്ര കിട്ടാനില്ല. ജനജീവിതം സാധാരണ നിലയിലേക്ക്‌ മാറിയാലേ പഴയ ഫോണുകൾ മാറ്റി വാങ്ങാൻ കൂടുതൽ പേരെത്തൂ. 
പ്രധാന വാർത്തകൾ
 Top