03 June Wednesday

അരികിലുണ്ട് ഈ മാലാഖ

ഗിരീഷ് വാകയാട്Updated: Saturday Mar 28, 2020

കോവിഡ് കാലത്ത് വയോജനങ്ങൾക്ക് വീടുകളിൽ ആരോഗ്യ പരിശോധന നടത്തുന്ന കൂരാച്ചുണ്ടിലെ മിനി സജി

ബാലുശേരി 
പാവങ്ങൾക്കും ആരോരുമില്ലാത്തവർക്കും സാന്ത്വനത്തിന്റെ തണൽമരമായി മിനി സജി. നാട്ടിലാകെ കോവിഡ്‌ വൈറസ്‌ ഭീതിയിൽ നിൽക്കുമ്പോഴും ജീവിതശൈലിരോഗ ബാധിതർക്ക്‌ ആശ്വാസം പകരുകയാണ്‌ ഈ കൂരാച്ചുണ്ട് പൂവത്തും ചോല സ്വദേശിനി. പതിമൂന്ന് വർഷമായി കൂരാച്ചുണ്ട് പഞ്ചായത്തിൽ വീടുകൾ കയറിയിറങ്ങി ജീവിതശൈലി രോഗങ്ങൾ പരിശോധിച്ച് ബോധവൽക്കരണം നടത്തുകയാണിവർ. ഇതോടൊപ്പം കോഴിക്കോട് ബസ്‌ സ്‌റ്റാൻഡിൽ  ജീവിതശൈലി രോഗനിർണയവും നടത്തുന്നു.  
ബോധവൽക്കരണത്തിലൂടെയുള്ള ജാഗ്രതയും മനക്കരുത്തുമാണ് രോഗങ്ങളെ നേരിടാനുള്ള ഏറ്റവും വലിയ ആയുധമെന്ന് ഇവർ പറയുന്നു. ഡോ. സി ആർ സോമൻ ആരംഭിച്ച ഹാപ്പ് എന്ന സംഘടനയിലൂടെ പരിശീലനം ലഭിച്ച് കുടുംബശ്രീ നടപ്പാക്കുന്ന സാന്ത്വനം പ്രവർത്തകയാണ്‌ മിനി. ഹെൽത്ത് ആക്‌ഷൻ ബൈ പീപ്പിൾ അംഗീകരിച്ച നിരക്കിലാണ് പരിശോധന. അർഹതപ്പെട്ടവർക്ക് അവശ്യനേരത്ത്  സഹായങ്ങളും പരിശോധനകളും എത്തിച്ചുകൊടുക്കാൻ ഇവർ തയ്യാറാണ്. 
ആരോഗ്യമേഖലയിൽ സാമ്പത്തിക ലക്ഷ്യമില്ലാതെ ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനുള്ള മനസ്സാണ് ഇവരുടെ പ്രത്യേകത. ജീവകാരുണ്യ പ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയായപ്പോൾ ഇവരെ തേടിയെത്തിയത് ഡോ. ബി ആർ അംബേദ്കർ ദേശീയ അവാർഡാണ്. എഴുത്തിന്റെ മേഖലയിലും ആരോഗ്യ രംഗത്തും മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് ടാഗോർ പുരസ്‌കാരം, അക്ഷരക്കനിവ് പുരസ്‌കാരം, കർഷക സാഹിത്യ പുരസ്‌കാരം, ചങ്ങമ്പുഴ സ്‌മാരക കവിതാ സംസ്ഥാന സാഹിത്യ പുരസ്‌കാരം തുടങ്ങി നിരവധി ആദരവുകളും ലഭിച്ചു.  
ഫോൺ കോളിലൂടെ സേവനം ആവശ്യപ്പെടുന്നവർക്ക് വീട്ടിലെത്തി ഷുഗർ, പ്രഷർ തുടങ്ങി ജീവിതശൈലി രോഗങ്ങൾ പരിശോധന നടത്തുന്നു. മഹാമാരിയായ വൈറസിന്റെ കണ്ണിപൊട്ടിക്കാൻവേണ്ട മുൻകരുതലുകൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നുമുണ്ട്‌. കേരളത്തിലെ എല്ലാ ജില്ലകളിലും നൂറുകണക്കിന് പ്രവർത്തകർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മിനി പറയുന്നു. ജില്ലയിൽ 30  പ്രവർത്തകരുണ്ട്.   
പൂക്കുന്ന ഹൃദയം എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ അംഗീകാരങ്ങളും കുടുംബത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തം വർധിപ്പിക്കുന്നതായും ജീവിതവഴികളിൽ  ഇനിയും കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്നും ഇവർ പറയുന്നു. ഭർത്താവ് സജി കൂരാച്ചുണ്ട് ടൗണിലെ ഓട്ടോ തൊഴിലാളിയാണ്. മകൻ സ്റ്റെജോ ചേളന്നൂർ എസ്എൻ ജി കോളേജിൽ ഡിഗ്രി വിദ്യാർഥിയാണ്. മകൾ വിവാഹിതയാണ്.
പ്രധാന വാർത്തകൾ
 Top