ഫറോക്ക്
ചെറുവണ്ണൂർ ന്യൂ ഇന്ത്യാ സിറാമിക്സിസിന് പുതിയ ആസ്ഥാനം. ചെറുവണ്ണൂർ ബിസി റോഡിൽ മധുര ബസാറിന് സമീപത്ത് ഫാക്ടറിയുടെ ഉദ്ഘാടനം ഞായർ രാവിലെ 10ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.
1950ൽ സ്വകാര്യമേഖലയിൽ ആരംഭിച്ച സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയാൽ അടച്ചുപൂട്ടുകയായിരുന്നു. തൊഴിലാളികൾ ഏറ്റെടുത്ത് 1985ൽ ചെറുവണ്ണൂർ ന്യൂ ഇന്ത്യാ സെറാമിക്സ് വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ ഓപറേറ്റീവ് സൊസൈറ്റി എന്ന പേരിൽ വ്യവസായ സഹകരണ സംഘത്തിന് രൂപം നൽകി.
37 വർഷം പിന്നിടുന്ന സ്ഥാപനത്തിലിപ്പോൾ 17 തൊഴിലാളികളുണ്ട്. സെറാമിക്സ് ഉൽപ്പന്നങ്ങൾ നിർമിച്ച സ്ഥാപനം, 2008 മുതൽ ഫയർ ബിക്സ് ഉൽപ്പാദന കേന്ദ്രമാക്കി മാറ്റി. 2011 –-12 സാമ്പത്തിക വർഷം മുതൽ ലാഭത്തിലേക്ക് കുതിക്കുന്ന സ്ഥാപനത്തിന്റെ നിലവിലെ വാർഷിക വിറ്റുവരവ് 70 ലക്ഷം രൂപയാണ്. പ്രവർത്തനം വിപുലമാക്കുന്നതിനാണ് 80 സെന്റ് ഭൂമിയിൽ പുതിയ ഫാക്ടറി സ്ഥാപിച്ചത്.
വ്യവസായ വകുപ്പിന്റെ കൂടുതൽ സഹായം ലഭിച്ചാൽ നവീന ഉൽപ്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനമാക്കി മാറ്റി തൊഴിലവസരങ്ങളും വരുമാനവും വർധിപ്പിക്കാനാകുമെന്ന് സൊസൈറ്റി പ്രസിഡന്റ് ടി സുബ്രഹ്മണ്യൻ പറഞ്ഞു. സിറ്റി ഗ്യാസ് പദ്ധതി വന്നാൽ പ്രകൃതിവാതകം ഉപയോഗിച്ച് സിറാമിക്സ് ഉൽപ്പന്നങ്ങൾ നിർമിക്കുന്ന പദ്ധതിക്ക് രൂപം നൽകാനുള്ള ഒരുക്കത്തിലാണ് മാനേജ്മെന്റ്. അസംസ്കൃത വസ്തുവായ കളിമണ്ണ് ലഭിക്കാനും സർക്കാർ ഇടപെടൽ വേണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..