17 January Sunday

കരകയറുന്നു

മനാഫ്‌ താഴത്ത്‌Updated: Friday Nov 27, 2020

 

ഫറോക്ക് 
സർക്കാർ സഹായമില്ലാത്തതിനാൽ ഇഴപൊട്ടിയ കയർമേഖലയെ കരകയറ്റാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതികളുടെ ഗുണഫലം ആവോളം അനുഭവിച്ചറിഞ്ഞ ജില്ലയാണ് കോഴിക്കോട്. തൊണ്ട് തല്ലി ചകിരിനാര് വേർതിരിച്ച് കയർപിരിക്കൽ ഇന്ന് പഴങ്കഥ. എങ്ങും ഇലക്ട്രോണിക് റാട്ടകളുടെയും ബട്ടണമർത്തിയാൽ പ്രവർത്തിക്കുന്ന സ്പിന്നിങ്‌ മെഷീനുകളുടെയും ശബ്ദം.
    കയർമേഖലയിൽ സമ്പൂർണ യന്ത്രവൽക്കരണത്തിനും ആധുനികവൽക്കരണത്തിനും ഊന്നൽ നൽകിയും പരമ്പരാഗത തൊഴിലാളികളുടെ തൊഴിൽ സംരക്ഷിച്ചും നടപ്പാക്കിയ "രണ്ടാം കയർ പുനഃസംഘടന’ പദ്ധതി  വിപ്ലവകരമായ മാറ്റത്തിനാണ് വഴിയൊരുക്കിയത്. സഹകരണ സംഘങ്ങളെല്ലാം പരമ്പരാഗത കെട്ടുപാടുകളിൽനിന്നു മാറി ഓരോ കയർ ഫാക്ടറിയായി നവീകരിച്ചു. കോടികളുടെ സഹായമാണ് സർക്കാർ ജില്ലയിലെ  പുനരുദ്ധാരണത്തിന്‌ ചെലവിട്ടത്.
   വേഗത്തിലുള്ള പരിഷ്കരണ നടപടികളുടെ ഭാഗമായി കയർ ഉൽപ്പാദനത്തിലും സംഭരണത്തിലും റെക്കോഡ് കുതിച്ചുകയറ്റമുണ്ടായി. എല്ലായിടത്തും ചുരുങ്ങിയ കാലയളവിൽ രണ്ടുമുതൽ നാലിരട്ടിവരെ  ഉൽപ്പാദനം വർധിച്ചു. സംസ്ഥാന സർക്കാരിന്റെ പുത്തൻ വികസന പദ്ധതികളിലൂടെ ജില്ലയിലെ സജീവമായ 60 കയർ സഹകരണ സംഘങ്ങളും നിവർന്നുനിൽക്കാനുള്ള കരുത്താർജിച്ചു. ഈ സംഘങ്ങൾക്കു കീഴിലുള്ള 3469 കയർ തൊഴിലാളികളുടെ വരുമാനവും ജീവിതനിലവാരവും പതിന്മടങ്ങ് ഉയർന്നു. ആയിരങ്ങൾക്ക് പരോക്ഷമായും കയർമേഖലയുടെ കുതിപ്പിന്റെ ഫലം ലഭിക്കുന്നു. നേരത്തെ ജില്ലയിൽ 21 കയർ സഹകരണ സംഘങ്ങൾ മാത്രമാണ് സജീവമായിരുന്നത്.  
   നിലവിൽ എല്ലാ സംഘങ്ങളെയും ഓട്ടോമാറ്റിക് സ്പിന്നിങ്‌ മെഷീനി (എഎസ്എം)ലേക്കും ഇലക്ട്രോണിക് റാട്ടയിലേക്കും പരിവർത്തിപ്പിച്ചതോടെ   വിപ്ലവകരമായ മാറ്റമാണ് കയർ മേഖലയിലുണ്ടായത്. തൊണ്ട് തല്ലുന്ന ആധുനിക ഡീ-ഫൈബറിങ്‌ മെഷീൻ, ചകിരിനാര് ശുദ്ധീകരിക്കുന്ന മില്ലോയിങ് മെഷീൻ എന്നിവ സൗജന്യമായാണ് സർക്കാർ  സഹകരണ സംഘങ്ങൾക്കും നൽകിയത്. ഇതോടെയാണ്   ഉൽപ്പാദനം ഗണ്യമായി വർധിച്ചതും തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാനായതും. 
  ജില്ലയിൽ 21 കയർ സഹകരണ സംഘങ്ങൾക്ക് 50 ലക്ഷം രൂപയുടെ 10 വീതം ഓട്ടോമാറ്റിക് സ്പിന്നിങ്‌ മെഷീനു(എഎസ്എം)മാണ് അനുവദിച്ചത്. ഇതിൽ കടലുണ്ടി, ഫറോക്ക് പെരുമുഖം, ചീനച്ചേരി കാപ്പാട്, ചേലിയ, കുറുവങ്ങാട്, ചേമഞ്ചേരി, കുന്നത്തറ, പാലയാട്, കരുവാഞ്ചേരി, ഇരിങ്ങൽ, പുതുപ്പണം, രയരങ്ങോത്ത് എന്നീ സംഘങ്ങൾക്ക് ഇതിനകം ലഭിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top