17 January Sunday

കുട്ടികളുടെ കൈപിടിച്ച്‌ ഇതിഹാസ താരം

പ്രത്യേക ലേഖകൻUpdated: Friday Nov 27, 2020

 

 
കോഴിക്കോട്‌
ഫുട്‌ബോൾ ദൈവം ഡീഗോ മറഡോണയുടെ നന്മ മനസ്സറിഞ്ഞ്‌ കോഴിക്കോട്ടുകാരനും. കുട്ടിക്കളിക്കാർക്ക്‌  ദുബായിൽ മറഡോണക്കൊപ്പം അൽപ്പസമയം ഒത്തുകൂടാൻ അവസരമൊരുക്കിയത്‌ ജീവിതത്തിലെ മറക്കാനാവാത്ത ഓർമയാണെന്ന്‌ ഇന്ത്യൻ ദേശീയ ടീമിന്റെ മുൻ ഓവർസീസ് കോ–- ഓർഡിനേറ്ററും ഫിഫയുടെ മുൻ ലോജിസ്റ്റിക് മാനേജരുമായ സി കെ പി ഷാനവാസ്‌ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.‌ 
 ആ സുവർണ നിമിഷങ്ങൾ      കുട്ടികൾക്ക് ജീവിതത്തിൽ മറക്കാനാവില്ല.  2012 ഏപ്രിലിൽ ഇന്ത്യയിൽനിന്ന് ദുബായിലെത്തിയ സെപ്റ്റ് (സ്‌പോർട്‌സ് ആൻഡ് എഡ്യുക്കേഷൻ പ്രൊമോഷൻ ട്രസ്റ്റ്‌)   താരങ്ങൾക്കാണ്‌ മറഡോണയോടൊപ്പം ചെലവഴിച്ച്‌ ഫോട്ടോ‌യെടുക്കാൻ അവസരമുണ്ടായത്‌.
   സൂപ്പർ കപ്പ് കളിക്കാനായിരുന്നു കുട്ടികൾ ഇന്ത്യയിൽ നിന്നെത്തിയത്. അന്ന് ദുബായിലായിരുന്നു ഷാനവാസ്‌. അൽ വാസൽ ക്ലബിൽ ജോലിചെയ്തിരുന്ന  ബന്ധു റാഷിദിനോട് പറഞ്ഞാണ്‌ മറഡോണയുമായുള്ള കുട്ടികളുടെ കൂടിക്കാഴ്‌ചക്ക് അവസരം ലഭ്യമാക്കിയത്‌‌. 
    ‘വലിയ തിരക്കുള്ള താരമായതിനാൽ, കുട്ടികളുമൊത്ത് അൽപ്പനേരം ചെലവഴിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. കുട്ടികൾ അൽ വാസൽ ക്ലബ്ബിൽ ലൈനപ്പായി നിന്നപ്പോൾ മറഡോണ അവരെ ശ്രദ്ധിച്ചു. നീലനിറത്തിലുള്ള ജഴ്സിയണിഞ്ഞ്, കൈകളിൽ ഫുട്ബോളുമായി നിൽക്കുന്ന അവരുടെ അരികിലേക്ക്‌ അദ്ദേഹം എത്തി. എല്ലാവരെയും ഒരുമിച്ച് ലൈനപ്പ് ചെയ്തു.  ക്ലബ് ഫോട്ടോഗ്രാഫറോട്  പടം എടുക്കാനും നിർദേശിച്ചു’–- ഷാനവാസ്‌ പറഞ്ഞു.
   കുട്ടികൾ മറഡോണയുടെ കൈകാലുകളിൽ പിടിച്ചും ടാറ്റു നോക്കിയും താരത്തിന്റെ ഹൃദയത്തിലെ പന്തായി അവർ മാറി.     മറഡോണ   ബോളെടുത്ത് ഹെഡ് ചെയ്‌ത്‌ കുട്ടികളെ സന്തോഷിപ്പിച്ചു.   
    മറഡോണയുടെ പരിഭാഷകൻ ഈജിപ്‌തുകാരൻ മുഹമ്മദാണ്‌ സ്‌പാനിഷ്‌ ഭാഷ അറബിക്കിലേക്കും തിരിച്ചും പരിഭാഷപ്പെടുത്തിയത്.  കാരപ്പറമ്പ്‌ ബൈത്തുറഹ്‌മയിൽ താമസിക്കുന്ന ഷാനവാസ്‌ മുൻ ഇന്ത്യൻ ടീം മാനേജരും കെഡിഎഫ്‌എ മുൻ ജില്ലാ സെക്രട്ടറിയുമായ പ്രൊഫ. ടി എം അബ്ദുറഹിമാന്റെ മകനാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top