27 October Wednesday
നായാടൻ പുഴ സംരക്ഷണത്തിനായി പുതിയ പദ്ധതി

ഇനിയും പുഴയൊഴുകും

എ സജീവ് കുമാർUpdated: Monday Sep 27, 2021

നായാടൻ പുഴയുടെ ഒഴുക്കിന് തടസ്സമായ കിണറും പമ്പ് ഹൗസും

 എ സജീവ് കുമാർ

കൊയിലാണ്ടി
നടേരി മേഖലയിലെ പ്രധാന ശുദ്ധജല സ്രോതസ്സായിരുന്ന നായാടൻ പുഴ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയൊരുങ്ങുന്നു. കുറ്റ്യാടി ജലസേചന പദ്ധതിക്കായി പുഴ മണ്ണിട്ട് നികത്തി കനാൽ നിർമിച്ചതോടെയാണ് നായാടൻ പുഴയിലെ ഒഴുക്ക് നിലച്ചത്. ഇതോടെ പുഴയിൽ ചെളി നിറഞ്ഞ്‌ പായലും താമരവള്ളി‌യും പടർന്നു. കുടിവെള്ള പദ്ധതിക്കായി പുഴ നികത്തി കിണറും പമ്പ് ഹൗസും പണിതതോടെ  പുഴയുടെ നാശം പൂർണമായി. ചെറിയൊരു സ്ഥലത്ത് നാല് പമ്പ് ഹൗസുകളുണ്ട്. ഇതിൽ ഒന്നുമാത്രമാണ്  ഉപയോഗിക്കുന്നത്.  പുഴയുടെ ഒഴുക്ക് പുനഃസ്ഥാപിച്ചാലേ ഈ ജല സ്രോതസ്സ് വീണ്ടെടുക്കാനാവൂ. 
 കനാലിനായി പുഴ നികത്തിയിടത്തെ മണ്ണ്‌ മാറ്റി പകരം  ബോക്‌സ് കൾവർട്ട് നിർമിച്ച്‌ സ്വാഭാവികമായ നീരൊഴുക്ക് വീണ്ടെടുക്കുകയാണ് ലക്ഷ്യം. ഇതിനായി എട്ടു മീറ്റർ വീതിയിലും അഞ്ചു മീറ്റർ ആഴത്തിലുമായി വലിയ ഒരു ബോക്‌സ് കൾവർട്ട് പണിയും. 17 മീറ്റർ നീളമുണ്ടാവും. ഇതിനായി  50 മീറ്റർ നീളത്തിൽ കനാൽ പൊളിച്ച്‌ പുനർ നിർമിക്കും. ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ജലസേചന വകുപ്പ് സർക്കാർ അനുമതിക്കായി അയച്ചിട്ടുണ്ട്.
 നായാടൻ പുഴ വീണ്ടെടുക്കണമെങ്കിൽ സമീപത്തെ കൊയിലാണ്ടി അരിക്കുളം റോഡിലും സമാന രീതിയിൽ ബോക്‌സ് കൾവർട്ട്  സ്ഥാപിക്കണം. ഇതിനായി പൊതുമരാമത്ത് പദ്ധതി തയ്യാറാക്കണം. കുറ്റ്യാടി ജലസേചന വകുപ്പും, മൈനർ ഇറിഗേഷൻ വകുപ്പും  ചേർന്നാണ് വെളിയണ്ണൂർ ചല്ലി വികസനത്തിന്റെ ഭാഗമായി നായാടൻ പുഴയുടെ സംരക്ഷണത്തിനും പദ്ധതി തയ്യാറാക്കിയത്. പായലും ചമ്മിയും ചെളിയും നിറഞ്ഞ്‌ നാശോന്മുഖമായ അവസ്ഥയിലാണ് പുഴയിപ്പോൾ. പല സ്ഥലത്തും  കൈയേറ്റവും ഉണ്ട്.  വെളിയണ്ണൂർ ചല്ലി-നായാടൻ പുഴ വികസനത്തിനായി 14 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി  സമർപ്പിച്ചിട്ടുണ്ട്. നായാടൻ പുഴയിൽ ഉപയോഗിക്കാതെ കിടക്കുന്ന ജലസേചന പദ്ധതികളുടെ പമ്പ് ഹൗസും കിണറും മാറ്റാൻ തടസ്സമില്ലെന്ന് കീഴരിയൂർ പഞ്ചായത്ത് അധികൃതർ  വ്യക്തമാക്കിയിരുന്നു. പുഴയിലെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ കെട്ടിടങ്ങളും പൊളിച്ചു നീക്കണം. നായാടൻ പുഴയും വെളിയണ്ണൂർ ചല്ലിയും തമ്മിൽ ബന്ധിപ്പിക്കുന്ന നൂറു മീറ്ററോളം വരുന്ന തോടും നവീകരിക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top