22 October Thursday

കോവിഡിലും തളരാതെ ഉത്തരവാദിത്ത ടൂറിസം

സ്വന്തം ലേഖകൻUpdated: Sunday Sep 27, 2020
കോഴിക്കോട്‌
വിനോദ കേന്ദ്രങ്ങളെ സഞ്ചാരികൾ കൈയൊഴിഞ്ഞതോടെ പ്രതിസന്ധിയിലായ ടൂറിസം മേഖലയ്‌ക്ക്‌ ആശ്വാസമായി ഉത്തരവാദിത്ത ടൂറിസം. പ്രാദേശിക തലത്തിൽ മാസ്‌ക്‌ നിർമാണ യൂണിറ്റുകളായും ഭക്ഷണ വിതരണം നടത്തിയും പച്ചക്കറി കൃഷി ചെയ്‌തുമാണ്‌ ഉത്തരവാദിത്ത ടൂറിസം മേഖല പിടിച്ചുനിൽക്കുന്നത്‌.
 സംസ്ഥാനതലത്തിൽ കൂടുതൽ ഉത്തരവാദിത്ത ടൂറിസം യൂണിറ്റികൾ ജില്ലയിലാണ്‌. 4,313 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്‌.
പരിശീലനങ്ങൾ നടത്തി ഏറ്റവും കൂടുതൽ ആളുകളെ ഈ രംഗത്തേക്ക് എത്തിച്ചതിൽ ജില്ലയ്‌ക്ക്‌ രണ്ടാം സ്ഥാനവുമുണ്ട്‌. 786 പേർക്കാണ്‌ ജില്ലയിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ പരിശീലനം നൽകിയത്‌. ഒളവണ്ണ, കടലുണ്ടി, തലക്കുളത്തൂർ, കൂടരഞ്ഞി പഞ്ചായത്തുകളിലും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാപഞ്ചായത്തിന്റെയും നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട മറ്റുപഞ്ചായത്തുകളിലും ഗ്രാമീണ ടൂറിസം വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
ഓല മെടയുന്ന യൂണിറ്റുകൾ, വീട്ടിലെ ഊണ് യൂണിറ്റുകൾ, മീൻപിടിത്തം, തെങ്ങുകയറ്റം, പാരമ്പര്യ തൊഴിൽ തുടങ്ങിയൂണിറ്റുകൾ ഇത്തരത്തിൽ ഈ പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തലക്കുളത്തൂർ പഞ്ചായത്തിനെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പെപ്പർ പദ്ധതിയിൽ ഉൾപ്പെടുത്തി. 
കുന്നുകൾ, അരുവികൾ, മലയോരങ്ങൾ, പാറകൾ, ചിത്രശലഭങ്ങൾ, കാവുകൾ, കലാരൂപങ്ങൾ, ഉത്സവങ്ങൾ, പ്രധാന ആകർഷക സ്ഥലങ്ങൾ എന്നിവ കോർത്തിണക്കി ഗ്രാമീണ ടൂറിസം പാക്കേജുകളാക്കി (വില്ലജ് ലൈഫ് എക്‌സ്പീരിയൻസ് പാക്കേജസ് -വിഎൽഇ, 1800 മുതൽ 5000 രൂപവരെ) പ്രാദേശിക വരുമാനം വർധിപ്പിക്കാനുള്ള വിവിധ പ്രവർത്തനങ്ങളും ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലയിൽ നടത്തുന്നുണ്ട്‌. ഈ സാമ്പത്തിക വർഷം കുറഞ്ഞത് ആയിരം പേർക്ക് വിവിധ പരിശീലനങ്ങൾ നൽകുമെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ കെ രൂപേഷ്‌കുമാർ പറഞ്ഞു.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top