28 September Tuesday

ഓക്‌സിജൻ പ്ലാന്റ്‌ ഉടൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021
സ്വന്തം ലേഖിക
കോഴിക്കോട്‌
കോവിഡ്‌ മൂന്നാം തരംഗത്തിൽ ഉണ്ടായേക്കാവുന്ന ഓക്‌സിജൻ ആവശ്യത്തെ നേരിടാൻ സർവസജ്ജീകരണങ്ങളുമൊരുക്കി ജില്ല. ഓക്‌സിജൻ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്‌തത ഉറപ്പാക്കുന്ന മൂന്ന്‌ പ്ലാന്റുകൾ ഗവ. ബീച്ച്‌ ജനറൽ ആശുപത്രി, ഗവ. മെഡിക്കൽ കോളേജ്‌ എന്നിവിടങ്ങളിലാണ്‌  വരുന്നത്‌. മൂന്നും ആഗസ്‌ത്‌ പകുതിക്കുള്ളിൽ പ്രവർത്തനം തുടങ്ങും. ഇതിനു പുറമെ ഓക്‌സിജൻ വിതരണ സംവിധാനം വിപുലപ്പെടുത്തി കൂടുതൽ സിലിൻഡറുകളും ലഭ്യമാക്കി. മൊത്തം ആയിരത്തിനാനൂറോളം ഓക്‌സിജൻ ലഭ്യതയുള്ള കിടക്കകൾ ഉറപ്പാക്കി. 
ബീച്ച്‌ ജനറൽ ആശുപത്രിയിൽ 500 എൽപിഎം ശേഷിയുള്ള പിഎസ്‌എ പ്ലാന്റാണ്‌ വരുന്നത്‌. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. പ്ലാന്റ്‌ ചൊവ്വാഴ്‌ചയോടെ ആശുപത്രിയിലെത്തിക്കും. ഇലക്‌ട്രിക്കൽ പ്രവൃത്തികൾ പൂർത്തിയാക്കി ഒരാഴ്‌ചക്കുള്ളിൽ പ്രവർത്തനസജ്ജമാകും. പൈപ്പു വഴി ദിവസം 250  കിടക്കകളിലേക്ക്‌  ജീവവായു എത്തിക്കാനാവും. ബിപിസിഎല്ലിന്റെ സഹായത്തിലാണ്‌ ഒരു കോടിയോളം രൂപ ചെലവിട്ട്‌ ഇതൊരുക്കുന്നത്‌. 
  മെഡിക്കൽ കോളേജിൽ ഒരു പ്ലാന്റ്‌ നാലു ദിവസത്തിനകം സ്ഥാപിക്കും. കെയർ ഇന്ത്യ സഹായത്തിലാണ്‌ 1000 എൽപിഎം ശേഷിയുള്ള പ്ലാന്റ്‌ വരുന്നത്‌. രണ്ടാമത്തേത്‌ സാങ്കേതികാനുമതികൂടി ലഭ്യമായാൽ അടുത്ത മാസം ആദ്യത്തോടെ പ്രവർത്തനസജ്ജമാകും. ഇത്‌  പിഎം കെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള 2000 എൽപിഎം  ശേഷിയുള്ള പ്ലാന്റാണ്‌. രണ്ടു പ്ലാന്റുകളിൽ നിന്നായി ദിവസം 600 കിടക്കകളിലേക്ക്‌ ഓക്‌സിജൻ വിതരണം സാധ്യമാകും. ഇതിനു പുറമെ വടകര, കൊയിലാണ്ടി ഗവ. ആശുപത്രികളിലും കോട്ടപ്പറമ്പ്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും കെഎംഎസ്‌സിഎല്ലിന്റെ പ്ലാന്റുകളും വരുന്നുണ്ട്‌. സ്ഥല പരിശോധനകൾ നടന്നുവരുന്നു. 
നിലവിൽ പുറത്തുനിന്ന്‌ ശേഖരിക്കുന്ന ദ്രാവക ഓക്‌സിജൻ ആശുപത്രി ടാങ്കുകളിൽ ശേഖരിച്ച്‌ വാതകമാക്കിയും സിലിൻഡറുകൾ എത്തിച്ചുമാണ്‌ ഓക്‌സിജൻ ലഭ്യമാക്കുന്നത്‌. പ്ലാന്റ്‌ നിർമാണത്തിനൊപ്പം  ഈ സംവിധാനവും വിപുലപ്പെടുത്തുന്നുണ്ട്‌. സിലിൻഡറുകളിൽ  ഗ്യാസ്‌ നിറയ്‌ക്കുന്നതിന്‌ കഞ്ചിക്കോട്‌ ഇനോക്സിന്റെ സഹായത്തോടെ കക്കോടിയിൽ  ഒരു പ്ലാന്റ്‌ തുടങ്ങി. മറ്റൊരു ഓക്‌സിജൻ നിറയ്‌ക്കുന്ന ഏജൻസിക്കും അനുമതി നൽകി. ഇതോടെ  600 സിലിൻഡറുകൾ കൂടുതലായി ഓക്‌സിജൻ നിറയ്‌ക്കാനാവും.  
ബീച്ചിൽ ആറ്‌ കിലോലിറ്റർ ശേഷിയുള്ള  ദ്രാവക ടാങ്ക്‌ ഒരുക്കാനുള്ള ടെൻഡർ നടപടി നടക്കുന്നു. എൻഎച്ച്‌എം ജില്ലക്കായി 10 കിലോ ലിറ്റർ ടാങ്കിനുള്ള പദ്ധതി നിർദേശവും നൽകിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top