22 August Thursday

സാന്ത്വന പരിചരണത്തിൽ മാതൃകയാവാൻ ഉപജില്ല ഒരുങ്ങുന്നു

●സ്വന്തം ലേഖകൻUpdated: Thursday Jun 27, 2019

 

 
വടകര
സാന്ത്വന പരിചരണത്തിൽ നാടിന‌് മാതൃകയാവാൻ ഉപജില്ലയിലെ വിദ്യാലയങ്ങൾ ഒരുങ്ങുന്നു.  പാഠ്യ–-പാഠ്യേതര വിഷയങ്ങളിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾ കാഴ‌്ചവെച്ച വടകര ഉപജില്ലയിലെ വിദ്യാലയങ്ങളുടെ നേതൃത്വത്തിലാണ‌് പദ്ധതി നടപ്പിലാക്കുന്നത‌്.  സാന്ത്വന പരിചരണത്തിൽ വിദ്യാർഥികളുടെ പങ്ക‌് ഉറപ്പുവരുത്താൻ സ‌്കൂളുകളിൽ ‘പാലിയേറ്റ‌ീവ‌് ക്ലബ്ബുകൾ’ക്ക‌് രൂപം നൽകും. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹകരണത്തോടെ പ്രദേശത്തെ സാന്ത്വന പരിചരണം ആവശ്യമുള്ളവരെ കണ്ടെത്തി  വിദ്യാർഥികളിലൂടെ സഹായം എത്തിക്കും. 
ഇതിനായി സ‌്കൂൾ തലത്തിൽ വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ‌്ത‌് നടപ്പിലാക്കാനാണ‌് ഉദ്ദേശിക്കുന്നത‌്. നഗരസഭയിൽ പാലിയേറ്റീവ‌ിൽ രജിസ്‌റ്റർ ചെയ‌്ത രോഗികൾക്ക‌് പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളുടെ നേതൃത്വത്തിൽ പേപ്പർ പേന നിർമ്മാണ പരിശീലനത്തിനായി ‘മഷിത്തണ്ട‌്’, കിടപ്പിലായ രോഗികൾക്ക‌് ഭക്ഷണ കിറ്റ‌് എത്തിക്കുന്നതിന‌് ‘വൺ സ്വീറ്റ‌് വൺ ലൈഫ‌്’ പദ്ധതി എന്നിവ നടപ്പിലാക്കിയിരുന്നു. 
നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിൽ പാലിയേറ്റീവ‌് ക്ലബ്ബ‌് രൂപീകരണവുമായി ബന്ധപ്പെട്ട‌് ജില്ലാ ആശുപത്രി കോൺഫറൻസ‌് ഹാളിൽ ശിൽപശാല സംഘടിപ്പിച്ചു. ‘പാലിയേറ്റീവ‌് പരിചരണത്തിൽ വിദ്യാർഥികളുടെ പങ്ക‌്’ എന്ന വിഷയത്തിൽ നടന്ന ശിൽപശാല നഗരസഭ ചെയർമാൻ കെ ശ്രീധരൻ ഉദ‌്ഘാടനം ചെയ‌്തു. ആശുപത്രി സുപ്രണ്ട‌് ഡോ. അബ‌്ദുൾ അസീസ‌് അധ്യക്ഷനായി. 
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ  പി അശോകൻ, കൗൺസിലർ അജിത ചീരാംവീട്ടിൽ,  വടകര എഇഒ ടി എം രാജീവൻ, കെ ലൂസി മാത്യു, കെ ഹരിദാസൻ, എന്നിവർ സംസാരിച്ചു. ആർഎംഒ ഡോ. പി കെ ഷിബിൻ സ്വാഗതവും ജില്ലാ ആശുപത്രി പാലിയേറ്റീവ‌് നേഴ‌്സ‌് റാൻഡോൾഫ‌് വിൻസന്റ‌് നന്ദിയും പറഞ്ഞു. പാലിയേറ്റീവ‌് രംഗത്ത‌് മികച്ച പ്രവർത്തനം കാഴ‌്ചവെച്ച യൂണിവേഴ‌്സിറ്റി ബിഎഡ‌് കോളേജ‌്, മേപ്പയിൽ ഈസ‌്റ്റ‌് യുപി സ‌്കൂൾ, വടകര ബിഇഎം ഹയർസെക്കന്ററി സ‌്കൂളിനും ഉപഹാരം നഗരസഭ ചെയർമാൻ സമ്മാനിച്ചു. 
പ്രധാന വാർത്തകൾ
 Top