11 July Saturday

ട്രോളിങ്‌ നിരോധനം: ഒരുക്കം പൂര്‍ത്തിയായി

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020
കോഴിക്കോട്‌
മൺസൂൺകാല ട്രോളിങ്‌  നിരോധനം നടപ്പാക്കുന്നതിന്‌ മുന്നോടിയായുള്ള ഒരുക്കം പൂർത്തിയായി.  ട്രോളിങ്‌  നിരോധനം ജൂൺ ഒമ്പതിന് അർധരാത്രി ആരംഭിക്കും. കേരള തീരക്കടലിൽ കരയിൽനിന്ന് കടലിലേക്ക് 12 നോട്ടിക്കൽ മൈൽ  (22 കി. മീറ്റർ വരെ) ദൂരത്തേക്കാണ് നിരോധനം.  ജൂലൈ 31 ന് നിരോധനം അവസാനിക്കും.  
ജില്ലയിൽ 1,222 യന്ത്രവൽകൃത  ബോട്ടുകളും 4,601 ഔട്ട്‌ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും  എൻജിൻ ഘടിപ്പിക്കാത്ത 200 വള്ളങ്ങളുമടക്കം 6,103 യാനങ്ങളാണ് ഫിഷറീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്‌.  ഇതരജില്ലകളിൽ നിന്നുള്ള 600 ഓളം ബോട്ടുകൾ ജില്ലയിലെ തീരക്കടലിൽ പ്രവർത്തിക്കുന്നുണ്ട്. ഇതരസംസ്ഥാന ബോട്ടുകൾ  31നു മുമ്പേ കേരളതീരം വിട്ടുപോകണം. ജൂൺ 9ന്   ഇവ കടലിൽ ഇറങ്ങരുത്‌.  
 എല്ലാ യാനങ്ങളിലും രജിസ്‌ട്രേഷൻ നമ്പർ  ഉണ്ടായിരിക്കണം. രണ്ടു വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിങ്ങും നടത്തരുത്.  നിയമലംഘനത്തിനെതിരെ  നടപടിയെടുക്കും.   ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലും തീരദേശ പൊലീസ്, മറൈൻ എൻഫോഴ്‌മെന്റ് പരിശോധനകൾ ഉറപ്പാക്കും. 
     ട്രോളിങ്‌ നിരോധന കാലത്ത് കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് കാർഡ്  കരുതണമെന്ന്‌ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടാതെ ജീവൻരക്ഷാ ഉപകരണങ്ങൾ, ലൈഫ് ജാക്കറ്റ്, ആവശ്യമായ   ഇന്ധനം, ടൂൾ കിറ്റ് എന്നിവ വള്ളങ്ങളിൽ കരുതണം. പ്രക്ഷുബ്ധമായ കാലാവസ്ഥയിൽ  മത്സ്യബന്ധനത്തിന് പോകരുത്. നിരോധന കാലത്ത്‌  തൊഴിലാളികൾക്കും ഹാർബറിലെ അനുബന്ധ തൊഴിലാളികൾക്കും   സൗജന്യ റേഷൻ അനുവദിക്കും.  മത്സ്യബന്ധന ബോട്ടുകൾ കടലിലിറങ്ങരുത്‌.  മറ്റു വിഭാഗത്തിൽപ്പെട്ട യാനങ്ങൾക്ക്  നിരോധനമില്ല. നിരോധനകാലത്ത്   നാലു കേന്ദ്രങ്ങളിൽ 13 റെസ്‌ക്യൂ ഗാർഡുമാരെ നിയമിക്കും.   കൺട്രോൾ റൂം നമ്പർ: 0495 2414074, 9496007038. 
കലക്ടറേറ്റിൽ  ചേർന്ന യോഗത്തിൽ  അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട്‌  റോഷ്‌നി നാരായണൻ അധ്യക്ഷയായി.   ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി കെ സുധീർകിഷൻ, അസി. ഡയറക്ടർ ആർ ജുഗ്‌നു, ഫണ്ട് ബോർഡ് റീജണൽ എക്സിക്യൂട്ടീവ് കെ അജിത എന്നിവർ സംസാരിച്ചു.
തിരുവമ്പാടി ഏരിയയിലെ വിവിധ യൂണിറ്റുകളിൽ പ്രതിഷേധ സമരം നടത്തി. മുക്കം കയ്യിട്ടാപ്പൊയിലിൽ ജില്ലാ കമ്മിറ്റി അംഗം കെ ടി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പാലയിൽ സി മോഹനൻ ഉദ്ഘാടനം ചെയ്തു.
പ്രധാന വാർത്തകൾ
 Top