11 July Saturday

ഇവിടെ കോവിഡും ചിരിച്ചുവീഴും

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

സാമൂഹ്യ സുരക്ഷാ മിഷനും കാർട്ടൂൺ അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച കാർട്ടൂൺ മതിൽ ഗവ. ടീച്ചർ എജ്യുക്കേഷൻ കോളേജിന്റെ ചുറ്റുമതിലിൽ എ പ്രദീപ് കുമാർ എംഎൽഎ കാർട്ടൂൺ വരച്ച് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
സോപ്പിട്ട് കൈ കഴുകുന്നവൻ ചന്തു, മാസ്‌കിട്ട് അങ്കം കുറിക്കുന്നവൻ ചന്തു, അകലം പാലിച്ച് പൊരുതുന്നവൻ ചന്തു, തോൽപ്പിക്കാനാവില്ല കോവിഡേ... വടക്കൻ വീരഗാഥയിലെ ചന്തുവിന്റെ ഡയലോഗിനെ കോവിഡ്‌ കാലത്ത്‌ മാറ്റിപ്പിടിക്കുകയാണ്‌‌ കാർട്ടൂണിസ്റ്റ്‌‌.‌ 
ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്റെ  ഭാഗമായി കേരള സാമൂഹ്യസുരക്ഷാ മിഷനും കാർട്ടൂൺ അക്കാദമിയും സംയുക്തമായാണ് മാനാഞ്ചിറക്ക് സമീപമുള്ള ഗവ. ടീച്ചർ എഡ്യുക്കേഷൻ കോളേജ്‌ മതിലിൽ കോവിഡ് പ്രതിരോധ കാർട്ടൂൺ  തീർത്തത്.  
മറ്റൊരു കാർട്ടൂണിൽ ഇറങ്ങിവാടാ തൊരപ്പാ കോവിഡേ... എന്ന വാചകവും  മാമുക്കോയയുടെ കാരിക്കേച്ചറും കാണാം. റാംജിറാവു സ്‌പീക്കിങ്‌ സിനിമയിലെ മാമുക്കോയ പറയുന്ന ഡയലോഗാണ്‌ കാർട്ടൂൺ മാതൃകയിലാക്കിയത്‌. കോഴിക്കോട്ട്‌ ചിത്രീകരിച്ച ഉസ്‌താദ്‌ ഹോട്ടലിലെ രംഗവും ആവിഷ്‌കരിച്ചു. സോപ്പ്, മാസ്‌ക്, സാമൂഹിക അകലം (എസ്എംഎസ്) എന്ന ബോധവൽക്കരണ സന്ദേശം ഉൾക്കൊള്ളുന്നതാണ് ഈ കാർട്ടൂൺ.
മനസ്സിൽ തങ്ങിനിൽക്കുന്ന സിനിമാ ഡയലോഗും പ്രിയപ്പെട്ട പുസ്തകങ്ങളും ചരിത്രവും കലയുമെല്ലാം ആ മതിലിൽ കോവിഡ് പ്രതിരോധ സന്ദേശ കാർട്ടൂണുകളായി മാറി.  
കാർട്ടൂണിസ്റ്റുകളായ അനൂപ് രാധാകൃഷ്ണൻ, സുരേഷ് ഡാവിഞ്ചി, സുഭാഷ് കല്ലൂർ, രതീഷ് രവി, സജീവ് ശൂരനാട്, ഷാജി സീതാംതോട്, സനീഷ് ദിവാകരൻ, ബിനീഷ് ലാലി, നൗഷാദ് വെള്ളലശ്ശേരി എന്നിവരാണ് കാർട്ടൂൺ മതിൽ തീർത്തത്. എ  പ്രദീപ്കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ കെ ഉണ്ണികൃഷ്ണൻ, സാമൂഹ്യസുരക്ഷാ മിഷൻ ഉത്തരമേഖലാ പ്രോഗ്രാം കോ–-ഓർഡിനേറ്റർ എം പി മുഹമ്മദ് ഫൈസൽ  തുടങ്ങിയവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top