13 July Monday

251 പേര്‍കൂടി നിരീക്ഷണത്തില്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020
കോഴിക്കോട് 
ജില്ലയിൽ ചൊവ്വാഴ്ച വന്ന 251 പേർ ഉൾപ്പെടെ 7549 പേർ നിരീക്ഷണത്തിൽ. ഇതുവരെ 27,468 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി എത്തിയ 25 പേർ ഉൾപ്പെടെ 62 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 53 പേർ മെഡിക്കൽ കോളേജിലും 9 പേർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 
പുതുതായി വന്ന 21 പേർ ഉൾപ്പെടെ 1083 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 418 പേർ കോവിഡ് കെയർ സെന്ററിലും 649 പേർ വീടുകളിലുമാണ്. 103 പേർ ഗർഭിണികളാണ്.  
16 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 
ചൊവ്വാഴ്‌ച 91 സ്രവ സാമ്പിൾ പരിശോധനക്കയച്ചു. ആകെ 3810 സ്രവ സാമ്പിളുകൾ അയച്ചതിൽ 3754 ഫലം ലഭിച്ചു. ഇതിൽ 3557 എണ്ണം നെഗറ്റീവാണ്. 56 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്. നിലവിൽ കോഴിക്കോട് സ്വദേശികളായ 25 പേർ  കോവിഡ് പോസിറ്റീവായി ചികിത്സയിലാണെന്ന്‌ ഡിഎംഒ ഡോ. വി ജയശ്രീ പറഞ്ഞു.    ഇതിൽ 13 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 7 പേർ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 5 പേർ കണ്ണൂരിലും ചികിത്സയിലാണ്. കൂടാതെ 3 മലപ്പുറം സ്വദേശികളും  2 കാസർകോട്‌ സ്വദേശികളും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.
ആളില്ലാത്ത വീടുകള്‍ ഏറ്റെടുക്കും  
കോഴിക്കോട്‌
വിദേശ രാജ്യങ്ങളിൽനിന്നോ ഇതര സംസ്ഥാനങ്ങളിൽനിന്നോ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നിരീക്ഷണ കേന്ദ്രം ഒരുക്കുന്നതിന് ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ഏറ്റെടുക്കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.  കലക്ടർ സാംബശിവറാവുവാണ്‌ ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്‌. വാർഡ് ലെവൽ ആർആർടികളുടെ  പരിശോധനകൾക്കു ശേഷമാണ് വീടുകൾ ഏറ്റെടുക്കേണ്ടത്. ഇവയെ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളായി ജില്ലാ ഭരണകേന്ദ്രം പ്രഖ്യാപിക്കും.
സ്വന്തമായി ഒഴിഞ്ഞുകിടക്കുന്ന വീടുള്ളവർക്ക്‌ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ അനുവദിക്കും. ഇവിടെ താമസിക്കാൻ അനുവാദം നൽകുന്നതിനു മുമ്പ് അധികൃതർ കെട്ടിടം പരിശോധിക്കും.  
വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ താൽപ്പര്യമുള്ള പ്രവാസികൾ നാട്ടിലെത്തുന്നതിന് ഒരു ദിവസം മുമ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ 9895812073, 9446967710 ഈ ഫോൺ നമ്പറുകളിൽ  അറിയിക്കണം.  കോവിഡ്‌ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വീടൊരുക്കലും താമസവും. 
വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുമതി ലഭിച്ചവർ വീട്ടിലേക്ക് സ്വന്തം നിലക്ക് യാത്രാ സൗകര്യം ഏർപ്പാടാക്കണം. വാഹനങ്ങളുടെ ലഭ്യത വാർഡ്തല ദ്രുതകർമസേന ഉറപ്പാക്കണം.
പ്രധാന വാർത്തകൾ
 Top