15 July Wednesday

കൈകോർക്കാതെ അവരെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

എസ്‌എസ്‌എൽസി പരീക്ഷ എഴുതാനായി കോഴിക്കോട് ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ ഗേറ്റ് കടന്ന്‌ കോവിഡ് സുരക്ഷാ പരിശോധനക്കായി നിൽക്കുന്ന വിദ്യാർഥികൾ

കോഴിക്കോട്‌ 
കൂട്ടുകാരൊത്ത്‌ ചിരിച്ചുകളിച്ചു നടന്ന സ്‌കൂൾ മുറ്റത്ത്‌ നാളുകൾക്കുശേഷം മുഖം മറച്ചുവന്നപ്പോൾ പരസ്‌പരം ചിരിക്കുന്നത്‌ അവരാരും കണ്ടില്ല. പകരം കണ്ണുകളിലൂടെ സൗഹൃദം പങ്കിട്ടു. പരീക്ഷ തുടങ്ങും മുമ്പേ ആദ്യം കൈകളിലെത്തിയത്‌ സാനിറ്റൈസറാണ്‌. കൈകൾ അണുമുക്തമാക്കി പഠിച്ച പാഠങ്ങൾ ഉത്തരക്കടലാസിൽ പകർത്തി. 
കോവിഡ്‌ വ്യാപനം തടയുന്നതിനായി മുൻകരുതലുകളോടെയാണ്‌ പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കിയത്‌. ഉച്ചയ്‌ക്ക്‌ 1.45 നാണ്‌ പരീക്ഷ തുടങ്ങിയതെങ്കിലും നേരത്തെ തന്നെ കുട്ടികൾ എത്തിത്തുടങ്ങിയിരുന്നു. സ്‌കൂൾ കവാടം കടന്നയുടൻ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ തെർമൽ സ്‌കാനർ ഉപയോഗിച്ച്‌ പരിശോധന നടത്തി. അതു കഴിഞ്ഞയുടൻ ഹാൻഡ്‌ വാഷ്‌ ഉപയോഗിച്ച്‌ കൈ കഴുകും. രക്ഷിതാക്കൾക്ക്‌ ഗേറ്റുവരെ മാത്രമാണ്‌ പ്രവേശനം അനുവദിച്ചത്‌. സ്‌കൂൾ ബസ്സിലും സാമൂഹിക അകലം പാലിച്ചാണ്‌ കുട്ടികൾ ഇരുന്നത്‌. 
പരീക്ഷാഹാളിലും ഇതുവരെ കാണാത്ത സജ്ജീകരണമാണ്‌ ഒരുക്കിയത്‌. പരീക്ഷ തുടങ്ങുന്നതിന്‌ രണ്ട്‌ മണിക്കൂർ മുമ്പുതന്നെ ആരോഗ്യ പ്രവർത്തകർ ക്ലാസ്‌ മുറികൾ പരിശോധിച്ചു. ഇരിപ്പിടങ്ങൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന്‌ ഉറപ്പാക്കി. സാനിറ്റൈസർ ഉണ്ടോ എന്നും പരിശോധിച്ചു. 
അധ്യാപകർക്കുമുണ്ടായിരുന്നു മാറ്റം. കൈയുറകൾ ധരിച്ചാണ്‌ ഇൻവിജിലേറ്റർമാർ ക്ലാസ്‌ മുറികളിൽ എത്തിയത്‌. പരീക്ഷ തുടങ്ങുന്നതിന്‌ മുമ്പ്‌ അധ്യാപകർ തന്നെ ഓരോ വിദ്യാർഥികൾക്കും സാനിറ്റൈസർ നൽകി. പരീക്ഷയ്‌ക്കുശേഷം സീൽ പതിപ്പിച്ചില്ല. പ്രത്യേക കവറിലാണ്‌ ഉത്തരക്കടലാസ്‌ സൂക്ഷിച്ചത്‌. ക്വാറന്റൈനിലുള്ള വീട്ടിൽനിന്ന്‌ വരുന്ന കുട്ടികളുടെ ഉത്തരക്കടലാസുകൾ പ്ലാസ്‌റ്റിക്‌ പേപ്പറിൽ വാങ്ങി പ്രത്യേകം മാറ്റി.
പ്രധാന വാർത്തകൾ
 Top