ഫറോക്ക്
ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിനെ (സെയിൽ -എസ്‌സിഎൽ ലിമിറ്റഡ്) പുനരുജ്ജീവിപ്പിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങൾ മറച്ചുവച്ച് രാഷ്ട്രീയ നേട്ടത്തിനായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമം. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്‌സ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്ത് മികച്ച രീതിയിൽ ഉൽപ്പാദനമാരംഭിച്ചതിന് സമാനമായി സ്റ്റീൽ കോംപ്ലക്സിനെയും കരകയറ്റുന്നതിനുള്ള സർക്കാർ ശ്രമങ്ങളെ തടയിടാനാണ് ശ്രമിക്കുന്നത്. റീറോളിങ് മിൽ തുടങ്ങാൻ കാനറ ബാങ്കിൽനിന്ന് 45 കോടി വായ്പയെടുത്തത് പലിശസഹിതം 107 കോടിയായതിനെ തുടർന്ന് ദേശീയ ലോ ട്രൈബ്യൂണലിൽ നടന്നുവന്ന കേസിൽ കമ്പനി റിസീവർ ഭരണത്തിലാക്കാനുള്ള ഉത്തരവാണ് സർക്കാറിനെതിരെ ആയുധമാക്കാനൊരുങ്ങുന്നത്.
വർഷങ്ങളായി ഉല്പാദനമില്ലാതെ നാശത്തിലേക്ക് കൂപ്പുകുത്താൻ അവസരമൊരുക്കിയത് കേന്ദ്ര സർക്കാറും സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുമാണ്. ഇങ്ങനെയിരിക്കെ ഇപ്പോഴത്തെ വിധിയുടെ മറവിൽ സംസ്ഥാന വ്യവസായ വകുപ്പിനെയും കമ്പനി സ്ഥിതിചെയ്യുന്ന മണ്ഡലത്തിന്റെ പ്രതിനിധിയായ മന്ത്രി പി എ മുഹമ്മദ് റിയാസിനെയും പ്രതിക്കൂട്ടിലാക്കി രാഷ്‌ട്രീയ പ്രചാരണം നടത്തുകയാണ് ഒരു വിഭാഗം.
മന്ത്രി മുഹമ്മദ് റിയാസ് താൽപ്പര്യമെടുത്ത് വ്യവസായ മന്ത്രി പി രാജീവ് അഞ്ചു തവണയാണ് കമ്പനിയെ കരകയറ്റാനുള്ള പദ്ധതികൾ ചർച്ചചെയ്യാൻ ബന്ധപ്പെട്ടവരുടെ യോഗം ചേർന്നത്. മുഖ്യമന്ത്രി താൽപ്പര്യമെടുത്തും സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചു. കമ്പനി നടത്തിപ്പും സമ്പൂർണ വിവരങ്ങളും സർക്കാറിന് കൈമാറാൻ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നൽകിയില്ലെന്ന് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എം പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. നിരവധി തവണ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യാ ചെയർമാന് കത്തെഴുതിയെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ സാങ്കേതികവും വാണിജ്യപരവുമായ സാധ്യതകൾ ഉൾപ്പെടുന്ന റിപ്പോർട്ട് ആവശ്യപ്പെട്ട് നാലു തവണയാണ് കത്തു നൽകിയത്.
2009 ൽ സംസ്ഥാന സർക്കാർ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്ന് സംയുക്ത സംരംഭമാക്കുമ്പോൾ നിശ്ചയിച്ച തീരുമാനപ്രകാരം ടിഎംടി ഉല്പാദനത്തിന് ആവശ്യമായ ബില്ലറ്റുകൾ നൽകണമെന്ന വ്യവസ്ഥ കേന്ദ്ര സർക്കാർ ലംഘിച്ചതിനു പിന്നിലും ദുരൂഹതയുണ്ട്. സംയുക്ത സംരംഭമെങ്കിലും കമ്പനി നടത്തിപ്പ് ചുമതല പൂർണമായും സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യക്കായിരുന്നു.
എന്നാൽ ആവശ്യമായ ബില്ലറ്റുകൾ നൽകാതെ, മുഖ്യ ഉല്പന്നമായ ടിഎംടി കമ്പികൾ നിർമിക്കാനാകാതെ, 65 കോടി രൂപ മുടക്കി 2015ൽ ആരംഭിച്ച റീ-റോളിങ് മിൽ ഒരു വർഷത്തിനകം പൂട്ടി.
റീ-റോളിങ് മിൽ സ്ഥാപിക്കുന്നതിൽ നടന്ന കോടികളുടെ അഴിമതിയിൽ പങ്കാളികളായവരെ രക്ഷിക്കാനും ശ്രമം നടന്നു. പണിയും വേതനവുമില്ലാതെ വലഞ്ഞ തൊഴിലാളികൾക്ക് ഒരു കോടി രൂപ ശമ്പളത്തിന് നൽകിയതും ഏതാനും തൊഴിലാളികളെ പുനർവിന്യസിക്കാൻ മന്ത്രിമാരായ പി രാജീവ്, മുഹമ്മദ് റിയാസ് എന്നിവർ നടപടി സ്വീകരിച്ചതും തൊഴിലാളി സംഘടനകൾ പ്രശംസിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..