26 May Tuesday

വടകരയിൽ കരനെൽ, ജൈവ പച്ചക്കറിക്ക് മുൻഗണന

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
വടകര
കരനെൽ കൃഷിക്കും ജൈവ പച്ചക്കറി കൃഷിക്കും മുൻഗണന നൽകി വടകര നഗരസഭാ ബജറ്റ്‌ വൈസ് ചെയർപേഴ്‌സൺ കെ പി ബിന്ദു അവതരിപ്പിച്ചു. 69.73 കോടി രൂപ വരവും 60.80 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന 2020–-21 വർഷത്തെ ബജറ്റിന്‌ കൗൺസിൽ അംഗീകാരം നൽകി.
ഉൽപ്പാദന മേഖലയ്ക്ക് 17,42,29,702 രൂപയും സേവന മേഖലയ്ക്ക് 7,62,00,278 രൂപയും പശ്ചാത്തല മേഖലയ്ക്ക് 6,35,36,366 രൂപയുമാണ് നീക്കിവച്ചത്. നഗരപരിധിയിലെ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ കായിക പരിശീലനത്തിന്‌ 4 ലക്ഷവും വിദ്യാർഥികൾക്ക് ആകാശപഠനം നടത്താൻ ബഹിരാകാശ കേന്ദ്രത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ 2 ലക്ഷവും വിദ്യാലയങ്ങളിൽ ഗണിത ലാബ് ഒരുക്കാനും സർക്കാർ സ്കൂളുകളിൽ സോളാർ പാനൽ സ്ഥാപിക്കാനും തുക വകയിരുത്തി. 
വിദ്യാർഥികളെ നീന്തൽ പരിശീലിപ്പിക്കാനും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കുടിവെള്ള കണക്‌ഷൻ നൽകാൻ പൈപ്പ് ലൈൻ വലിക്കാനും തുക വകയിരുത്തി. മത്സ്യമേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിനും മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കാനും തുക വകയിരുത്തി.
വനിതകൾക്ക് ഓട്ടോ വാങ്ങാനും നേന്ത്രക്കായയിൽനിന്ന്‌ മൂല്യവർധിത ഉൽപ്പാദന യൂണിറ്റ് ആരംഭിക്കൽ, സ്ഥലമില്ലാത്ത അങ്കണവാടികൾക്ക് സ്ഥലം വാങ്ങൽ, ബഡ്‌സ് സ്കൂൾ, വയോജനങ്ങൾക്ക് കട്ടിൽ വിതരണം, ഭിന്നശേഷി സ്കോളർഷിപ്പ് എന്നിവക്ക് തുക അനുവദിച്ചു. പണിക്കോട്ടിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രം പിഎച്ച്സിയായി ഉയർത്താൻ 15 ലക്ഷം രൂപയും അനുവദിച്ചു. 
വാസയോഗ്യമല്ലാത്ത വീടുകൾ വാസയോഗ്യമാക്കാൻ 30 ലക്ഷം, ജനകീയ ഹോട്ടൽ സ്ഥാപിക്കാൻ വാർഷിക പദ്ധതിയിലും ബജറ്റിലും രണ്ടുലക്ഷം രൂപ വീതവും നീക്കിവച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി നാരായണനഗരം മത്സ്യ മാർക്കറ്റ്, താഴെ അങ്ങാടി മത്സ്യ മാർക്കറ്റ് എന്നിവിടങ്ങളിൽ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ 5 കോടി രൂപയുടെ ഡിപിആർ സമർപ്പിച്ചു. പകൽ വീട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തുന്നതിനായുള്ള പദ്ധതികളും പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്റെ ക്ഷേമത്തിനായി വീട് നിർമാണം, വീട് വാസയോഗ്യമാക്കൽ, കിണർ നവീകരണം, വീട് വൈദ്യുതീകരണം, വിദ്യാർഥികൾക്ക് പഠനോപകരണം, പഠന മുറി, ലാപ്ടോപ്പ്, സ്കോളർഷിപ്പ് മുതലായ പദ്ധതികളും ബജറ്റിൽ ഉറപ്പുനൽകുന്നു. ചെയർമാൻ കെ ശ്രീധരൻ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top