13 October Sunday
മത്സ്യത്തൊഴിലാളികൾക്ക്‌ സ്‌നേഹസ്‌പർശം

ക്ഷേമനിധി ആനുകൂല്യം 
വിതരണത്തിൽ റെക്കോഡ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024
കോഴിക്കോട്‌
മത്സ്യത്തൊഴിലാളികളെയും അനുബന്ധ തൊഴിലാളികളെയും ചേർത്തുനിർത്തി ക്ഷേമനിധി ബോർഡ്‌. മത്സ്യത്തൊഴിലാളി ക്ഷേമനിധി കോഴിക്കോട് മേഖലാ ഓഫീസിന്‌ കീഴിൽമാത്രം വിവിധ പദ്ധതികളിലായി 17.37 കോടി രൂപ വിതരണംചെയ്‌തു. കോഴിക്കോട്‌, മലപ്പുറം, വയനാട്‌ ജില്ലകളിലെ 22,248 പേർക്കാണ്‌ ധനസഹായം കിട്ടിയത്‌.
2023–-24 സാമ്പത്തിക വർഷത്തിൽ മത്സ്യത്തൊഴിലാളി ധനസഹായ പദ്ധതികളിൽ 19,583 പേർക്ക്‌ 16,86,32,655 രൂപയാണ്‌ നൽകിയത്‌. പെൻഷൻ ഇനത്തിൽ 9821 പേർക്ക്‌ 14.14 കോടി രൂപയും നൽകി. ഇതുകഴിഞ്ഞാൽ മരണാനന്തര സഹായം, മക്കളുടെ വിവാഹത്തിനുള്ള സഹായം, ചികിത്സാസഹായം, വിദ്യാഭ്യാസ–-കായിക അവാർഡുകൾ തുടങ്ങിയ പദ്ധതികളിലാണ്‌ കൂടുതൽ തുക നൽകിയത്‌. വിവാഹ ധനസഹായമായി 1693 പേർക്ക്‌ 1.69 കോടി രൂപ വിതരണംചെയ്‌തു. 
മത്സ്യ അനുബന്ധ തൊഴിലാളികൾക്കുള്ള വിവിധ ക്ഷേമ പദ്ധതികളിൽ 2665 പേർക്ക്‌ 50,99,485 രൂപ വിതരണംചെയ്‌തു. 109 കുടുംബങ്ങൾക്ക്‌ വിവാഹസഹായമായി 10,90,000 രൂപ നൽകി. തണൽ പദ്ധതിയിൽ 25 ലക്ഷം രൂപയും നൽകി. മത്സ്യ–- അനുബന്ധ തൊഴിലാളികൾക്കായി 2016 മുതൽ 2023 വരെ അനുവദിച്ചത്‌ 66.74 കോടി രൂപയുടെ ആനുകൂല്യങ്ങളാണ്‌. സർക്കാർ അംഗീകരിച്ച ക്ഷേമനിധി ബോർഡിന്റെ സമഗ്രപദ്ധതിയിൽ ആനുകൂല്യങ്ങൾ വർധിച്ചതിനൊപ്പം കൂടുതൽ പദ്ധതികളും വരുമ്പോൾ ഈ വർഷം കൂടുതൽ പേരിലേക്ക്‌ സഹായമെത്തും.
പുതിയ പദ്ധതികൾ 
ഒരുങ്ങി
അപകടത്തിലുണ്ടാകുന്ന നഷ്‌ടങ്ങൾക്ക്‌ ധനസഹായം, മെഡിക്കൽ, പാരാ മെഡിക്കൽ പഠനത്തിന്‌ സഹായം തുടങ്ങിയ പുതിയ പദ്ധതികൾക്കാണ്‌ അംഗീകാരമായത്‌. അപകടത്തിൽ അല്ലാതെയുള്ള മരണത്തിന്റെ ധനസഹായം 50,000 രൂപയിൽനിന്ന്‌ ഒരുലക്ഷമായി ഉയർത്തി. പെൺമക്കളുടെ വിവാഹധനസഹായം 10,000 രൂപയിൽനിന്ന്‌ 25,000 രൂപയുമാക്കി. മെഡിക്കൽ, പാരാമെഡിക്കൽ കോഴ്‌സുകൾ സ്വാശ്രയ കോളേജുകളിലോ വിദേശത്തോ പഠിക്കാൻ ഒരുലക്ഷം രൂപവരെ ധനസഹായം നൽകുന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top