23 January Wednesday
തീരദേശ നിയന്ത്രണ കരട‌് ഭൂപടം തയ്യാറായി

കോർപറേഷനും 5 മുനിസിപ്പാലിറ്റിയും 30 പഞ്ചായത്തും പരിധിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

 കോഴിക്കോട‌്

ജില്ലയിൽ  105.14 ചതുരശ്ര കിലോ മീറ്റർ  തീരദേശ നിയന്ത്രണ മേഖലയുടെ  പരിധിയിൽ. കേരള കോസ‌്റ്റൽ സോൺ മാനേജ‌്മെന്റ‌് അതോറിറ്റി തയ്യാറാക്കിയ കരട‌് ഭൂപടപ്രകാരം കോഴിക്കോട‌് കോർപറേഷനും 30 പഞ്ചായത്തും അഞ്ച‌് മുനിസിപ്പാലിറ്റികളും ഇൗ പരിധിയിൽ വരും.  ഇവിടങ്ങളിൽ  തീരദേശ നിയന്ത്രണ മേഖലകളിൽപ്പെടുന്ന കടലിനോ മറ്റ‌് ജലാശയങ്ങൾക്കോ സമീപത്തുള്ള പ്രദേശങ്ങളിൽ 500 മീറ്ററിനുള്ളിൽ നിർമാണ പ്രവൃത്തികൾ നടത്താൻ കേരള കോസ‌്റ്റൽ സോൺ മാനേജ‌്മെന്റ‌് അതോറിറ്റിയുടെ അനുമതി വേണം. 
തീരദേശ പരിപാലന നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ‌് എല്ലാ ജില്ലയുടെയും സിആർസെഡ‌് (കോസ‌്റ്റൽ റെഗുലേഷൻ സോൺ) മാനദണ്ഡമനുസരിച്ച‌് സർവേ നമ്പർ അടിസ്ഥാനപ്പെടുത്തി കരട‌് ഭൂപടം തയ്യാറാക്കിയത‌്.  നിലവിലുള്ള പരിധി കണക്കാക്കിയാണ‌് ഭൂപടം തയ്യാറാക്കിയത‌്. ഇതുസംബന്ധിച്ച പരാതികൾ പരിഹരിച്ച‌് ഈ   റിപ്പോർട്ട‌്  വനം പരിസ്ഥിതി മന്ത്രാലയത്തിന‌് സമർപ്പിക്കും. ഇതിന‌് മുന്നോടിയായി കരട‌് ഭൂപടങ്ങൾ പൊതുജനങ്ങൾക്കായി ടൗൺ  ഹാളിൽ പ്രദർശിപ്പിച്ചു. നിയന്ത്രണ മേഖലയിലില്ലാത്ത പഞ്ചായത്തുകൾ പരിധിയിൽ വരുന്നതാണോ എന്ന‌് ഉറപ്പാക്കാനായി നേരിട്ട‌്  സ്ഥലപരിശോധന നടത്തും. 
തീരദേശ നിയന്ത്രണ മേഖലയിൽ വരുന്ന പഞ്ചായത്തുകൾ:  അരിക്കുളം, അഴിയൂർ, എടച്ചേരി, തൂണേരി, ഏറാമല, ഒഞ്ചിയം, ചോറോട‌്, മണിയൂർ, തിരുവള്ളൂർ, വേളം, ചെറുവണ്ണൂർ, തുറയൂർ, തിക്കോടി, മൂടാടി, കീഴരിയൂർ, നടുവണ്ണൂർ, കോട്ടൂർ, ഉള്ള്യേരി, ബാലുശേരി, ചെങ്ങോട്ട‌്കാവ‌്, ചേമഞ്ചേരി, അത്തോളി, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, ഒളവണ്ണ,  പെരുമണ്ണ, പെരുവയൽ,  മാവൂർ, കടലുണ്ടി.    
മുനിസിപ്പാലിറ്റികൾ:   വടകര, പയ്യോളി, കൊയിലാണ്ടി, രാമനാട്ടുകര, ഫറോക്ക‌്.
കടൽ തീരത്ത‌് 50 മീറ്ററിനുള്ളിലായി മത്സ്യ തൊഴിലാളികൾക്ക‌് നിർമാണ പ്രവൃത്തികൾ കേരള കോസ‌്റ്റൽ സോൺ മാനേജ‌്മെന്റ‌് അതോറിറ്റിയുടെ അനുമതിയോടെ നടത്താം. കടൽ, പുഴ തുടങ്ങി ജലാശയങ്ങളിൽ നിന്ന‌് 100 മീറ്റർ മുതൽ 500 മീറ്റർ വരെ അകലത്തിനുള്ളിൽ നിർമാണങ്ങൾ നടത്താൻ നിയന്ത്രണങ്ങളുണ്ട‌്. ചില വിഭാഗങ്ങളിൽ കെസി‌സെഡ‌്എംഎയുടെ അനുമതിയോടെ നിർമാണങ്ങൾ നടത്താം.   ഗ്രാമ പഞ്ചായത്തുകളിലും മറ്റ‌് അവികസിത മേഖലകളിലും കടൽതീരത്തോട‌് ചേർന്ന‌് വേലിയേറ്റ രേഖയിൽ നിന്നും 200 മീറ്റർ അകലെ വരെ വികസന നിഷിദ്ധ മേഖലയാണ‌്.   
കണ്ടൽക്കാടുകൾ, സമുദ്ര സംരക്ഷിത മേഖലകൾ, നഗര﹣ഗ്രാമങ്ങളിൽ വേലിയേറ്റ രേഖ മുതൽ തീരദേശ നിയന്ത്രണമേഖലയിൽ വരുന്ന  കരപ്രദേശങ്ങൾ, വേലിയിറക്ക രേഖയിൽ നിന്നും കടലിലേക്ക‌് 12 നോട്ടിക്കൽ മൈൽ  വരെയുള്ള ജലപ്രദേശം തുടങ്ങിയവയാണ‌് ഭൂപടത്തിൽ രേഖപ്പെടുത്തിയത‌്. സിആർസെ‌ഡ‌് 1  , 2, 3, 4എ, 4ബി എന്നിവ ഉൾപ്പെടുത്തിയാണ‌്  ഭൂപടം. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് പ്ലാന്‍ തയ്യാറാക്കിയത്. 
പ്രദര്‍ശനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ യു വി ജോസ് അധ്യക്ഷനായി. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കരട് തീരദേശ പരിപാലന പ്ലാന്‍ ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ (ആര്‍ടിപി) ഡോ. ആതിര രവി വിശദീകരിച്ചു. പൊതുജനങ്ങളില്‍ നിന്നും അഭിപ്രായ നിര്‍ദേശങ്ങള്‍ സമാഹരിക്കുന്നതിന്റെ ഭാഗമായാണ് കരട‌്പ്രദര്‍ശനം നടത്തിയത്.  ആഗസ‌്ത‌് ഒമ്പതി‌ന‌്  പകൽ 10.30ന‌് കലക്ടറേറ്റിൽ കെസി‌സെഡ‌്എംഎ അധികൃതർ പങ്കെടുക്കുന്ന അദാലത്തിൽ കരട‌് ഭൂപടത്തിനെതിരെ പരാതി നൽകാം. അടുത്ത മാസം മൂന്നിനുള്ളിൽ മെയിലിലും ഫോണിലും പരാതി സമർപ്പിക്കാം. ഫോൺ: 9447197975. ഇ മെയിൽ﹣ സര്വാമമിെററേ@ഴാമശഹ.രീാ
പ്രധാന വാർത്തകൾ
 Top