12 August Wednesday
തൊഴിലാളികൾക്ക് ആനുകൂല്യവുമില്ല

കാലിക്കറ്റ് ടൈൽ ഫാക്ടറി ഇനി തുറക്കില്ല

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

അടച്ചുപൂട്ടിയതിനെ തുടർന്ന് കാടുമൂടുന്ന ഫറോക്ക് ചെറുവണ്ണൂർ കാലിക്കറ്റ് ടൈൽ ഫാക്ടറി

ഫറോക്ക്
ഓടു നിർമാണത്തിനാവശ്യമായ കളിമണ്ണില്ലെന്നും കച്ചവടം കുറഞ്ഞെന്നുമുള്ള കാരണങ്ങൾ പറഞ്ഞ് അടച്ചുപൂട്ടിയ ഫറോക്ക് ചെറുവണ്ണൂർ കാലിക്കറ്റ് ടൈൽ ഫാക്ടറി ഇനി തുറക്കില്ല. കഴിഞ്ഞ ഡിസംബർ 24ന് ഇനിയൊരിക്കലും തുറക്കാത്ത തരത്തിലാണ് ഉടമകൾ കമ്പനിക്ക് താഴിട്ടതെന്ന് ഏറെ വൈകിയാണ് തൊഴിലാളികൾ അറിയുന്നത്. വ്യവസായശാല അടച്ചുപൂട്ടിയാൽ നിയമാനുസൃത ആനുകൂല്യങ്ങൾ, നഷ്ടപരിഹാരം എന്നിവയും  താൽക്കാലിക ആശ്വാസം പോലും തൊഴിലാളികൾക്ക്‌ ലഭിക്കില്ല. ഇതോടെ 185 തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലേക്ക് നീങ്ങുകയാണ്‌. 
കമ്പനി അടച്ചതു മുതൽ സമരം തുടങ്ങിയതാണ് തൊഴിലാളികൾ. ജില്ലാ ലേബർ ഓഫീസർ വിളിച്ച ചർച്ചകളിൽ പോലും പങ്കെടുക്കാതിരുന്ന ഉടമകൾ ഇനി കമ്പനി തുറക്കില്ലെന്ന് അനൗദ്യോഗികമായി അധികൃതരെ അറിയിച്ചതായാണ്‌ വിവരം. 
കമ്പനിയുടെ ഒടുവിലത്തെ പ്രതിദിന ഉല്പാദനം 12000 മുതൽ 15000 വരെ ഓടുകളായിരുന്നു. നാലു മാസത്തേക്കെങ്കിലും ആവശ്യമായ കളിമണ്ണ് കമ്പനിയിൽ സ്റ്റോക്കുമുണ്ടായിരുന്നു. ഉല്പാദനത്തിന്റെ തോതനുസരിച്ച് അതത് ദിവസങ്ങളിൽ കൃത്യമായ വില്പനയുമുണ്ടായിരുന്നു. കരുതൽ ശേഖരമായി കളിമണ്ണെത്തിച്ച് സംഭരിക്കേണ്ട സീസണിൽ മനപൂർവം അതിന് തയാറായില്ലെന്ന്‌ തൊഴിലാളികൾ പറയുന്നു.
ഉടമകൾക്കിടയിലെ അഭ്യന്തര പ്രശ്നങ്ങളാണ് അടച്ചു പൂട്ടലിന് വഴിയൊരുക്കിയതെന്ന്‌ തൊഴിലാളികൾ പറയുന്നു. അതേസമയം കമ്പനി തുറക്കണമെന്നാവശ്യപ്പെട്ട്‌ സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള സമരം തുടരുകയാണ്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top