08 July Wednesday

5 പേർക്കുകൂടി

സ്വന്തം ലേഖകൻUpdated: Tuesday May 26, 2020
കോഴിക്കോട്‌
ജില്ലയിലെ അഞ്ച്‌ പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. ഞായറാഴ്‌ച ഒരാളുടെയും തിങ്കളാഴ്‌ച നാലുപേരുടെയും പരിശോധനാഫലമാണ്‌ പോസിറ്റീവ്‌ ആയതെന്ന്‌ ഡിഎംഒ ഡോ. വി ജയശ്രീ പറഞ്ഞു. 39 വയസ്സുള്ള തൂണേരി സ്വദേശിക്കാണ് ഞായറാഴ്‌ച‌ രോഗം സ്ഥിരീകരിച്ചത്.  ദുബായ്–--കണ്ണൂർ വിമാനത്തിൽ കണ്ണൂരിൽ എത്തിയ ഇദ്ദേഹം പ്രത്യേക വാഹനത്തിൽ വടകര കോവിഡ്‌കെയർ സെന്ററിലെത്തി. 22ന്‌ സ്രവപരിശോധന നടത്തി. 
28 ഉം 68 ഉം വയസ്സുള്ള ഏറാമല സ്വദേശികളായ രണ്ടുപേര്‍ക്കും 22 വയസ്സുള്ള നാദാപുരം സ്വദേശിക്കും 40 വയസ്സുള്ള കട്ടിപ്പാറ സ്വദേശിക്കുമാണ് തിങ്കളാഴ്‌ച രോഗം സ്ഥിരീകരിച്ചത്. ആദ്യത്തെ രണ്ടുപേര്‍ 11ന്‌ ചെന്നൈയില്‍നിന്ന് കാറിൽ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.  മൂന്നാമത്തെയാള്‍ 12ന് ദുബായ് -–--കണ്ണൂര്‍ വിമാനത്തില്‍ കണ്ണൂരില്‍ എത്തി, വടകര കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ലക്ഷണങ്ങളെ തുടര്‍ന്ന് 24ന് സ്രവ പരിശോധന നടത്തി. നാലാമത്തെ വ്യക്തി  19ന് റിയാദിൽ നിന്നെത്തി താമരശേരിയിൽ നിരീക്ഷണത്തിലായിരുന്നു. അഞ്ചുപേരും  കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലാണ്.ഇതോടെ കോവിഡ് ബാധിച്ച കോഴിക്കോട്ടുകാരുടെ എണ്ണം 50 ആയി.  25 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ 11 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 8 പേര്‍ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലെ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 5 പേര്‍ കണ്ണൂര്‍ ജില്ലയിലും ചികിത്സയിലാണ്‌. 
പുതുതായി 852 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ 7709 പേർ നിരീക്ഷണത്തിലുണ്ട്‌.
പ്രധാന വാർത്തകൾ
 Top