13 July Monday

ലോട്ടറി തൊഴിലാളികൾക്ക്‌ 3500 രൂപയുടെ കൂപ്പൺ ഇന്ന്‌ മുതൽ

സ്വന്തം ലേഖകൻUpdated: Tuesday May 26, 2020

 

കോഴിക്കോട്‌
ലോട്ടറി വിൽപ്പന പുനരാരംഭിച്ച തൊഴിലാളികൾക്ക്‌ ടിക്കറ്റ്‌ വാങ്ങാനായുള്ള 3500 രൂപയുടെ കൂപ്പൺ വിതരണം ചൊവ്വാഴ്‌ച ആരംഭിക്കും. 
കോവിഡ്‌ പ്രതിരോധത്തിനായുള്ള അടച്ചുപൂട്ടലിൽ ദുരിതമനുഭവിച്ച തൊഴിലാളികളെ സഹായിക്കാൻ ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡാണ്‌ കൂപ്പൺ നൽകുന്നത്‌. ക്ഷേമനിധി അംഗങ്ങൾക്ക് 3500 രൂപയുടെ കൂപ്പണും പെൻഷൻകാർക്ക് 2000 രൂപയുടെ കൂപ്പണും ലഭിക്കും.
തൊഴിലാളികൾക്ക് 100 ടിക്കറ്റ് വീതം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത്‌ വാങ്ങാൻ കൂപ്പൺ ഉപയോഗിക്കാം. 
കോവിഡ്‌ പ്രതിരോധ വളന്റിയർമാർ കൂപ്പണുകൾ ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ വീട്ടിലെത്തിക്കും. രണ്ട്‌ മാസ്കും ഒരു കുപ്പി സാനിറ്റൈസറും ഇതിനൊപ്പമുണ്ടാകും. 50,000ലധികം  ക്ഷേമനിധി അംഗങ്ങൾക്കും 2500ൽ അധികം പെൻഷൻകാർക്കുമാണ്‌‌ ആനുകൂല്യം. 
കൂപ്പണുമായി ലോട്ടറി ഓഫീസിലോ ഏജന്റുമാരുടെ പക്കലോ എത്തി ടിക്കറ്റുകൾ വാങ്ങാം. കൂപ്പൺ ശേഖരിച്ച് ലോട്ടറി ഓഫീസുകളിൽ നൽകുന്ന ഏജന്റുമാർക്ക് പകരം ടിക്കറ്റുകൾ നൽകും.
ക്ഷേമനിധി അംശദായമടയ്‌ക്കാതെ അംഗത്വം നഷ്ടപ്പെട്ടവർക്ക് പുതുക്കാനും അവസരമുണ്ട്‌. അഞ്ചുവർഷംവരെ കുടിശ്ശികയുള്ളവർക്ക്‌ ജൂൺ 30നകം അംശദായമടച്ച്‌ അംഗത്വം പുതുക്കാം. 
ഇവർക്കും 3500 രൂപയുടെ കൂപ്പൺ ലഭിക്കുമെന്ന്‌ ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി ആർ ജയപ്രകാശ് അറിയിച്ചു. കോവിഡ്‌ കാലത്തെ അതിജീവിക്കാൻ പ്രഖ്യാപിച്ച സഹായധനത്തിന്റെ രണ്ടാംഘട്ട വിതരണവും ഈ ആഴ്‌ച ആരംഭിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top