സ്വന്തം ലേഖകൻ
ഫറോക്ക്
ബേപ്പൂർ മണ്ഡലത്തിലെ എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും പെൺസൗഹൃദ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു. പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനവും മാനസിക ഉല്ലാസവും ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ബേപ്പൂരിൽ "ഇടം’ ഒരുങ്ങുന്നത്. രണ്ട് കട്ടിലുകൾ, നാപ്കിൻ വെൻഡിങ് മെഷീൻ, ശുചിമുറി, പ്രഥമ ശുശ്രൂഷാ സംവിധാനങ്ങൾ, മേശ, കസേരകൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കും.
എട്ട് സ്‌കൂളുകളിലാണ് ഇത് നടപ്പാവുക. ഫറോക്ക് ബസ് സ്റ്റാൻഡിലെ നിലവിലുള്ള കേന്ദ്രം നവീകരിക്കാനും നിർദേശമുണ്ട്. ആർത്തവകാലത്ത് ഉൾപ്പെടെ പെൺകുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഇല്ലാതാക്കുന്നതാണ് ഇടം. സ്വകാര്യതയും ശുചിത്വവും ശാന്തമായ അന്തരീക്ഷവും പെൺസൗഹൃദ വിശ്രമകേന്ദ്രം ഉറപ്പാക്കുന്നു.
കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപറേഷന്റെ സിഎസ്‌ആർ ഫണ്ടിൽനിന്നുള്ള 88 ലക്ഷം രൂപയാണ് നിർമാണത്തിന് വിനിയോഗിക്കുകയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കഴിഞ്ഞ വർഷം മണ്ണൂർ സിഎംഎച്ച്എസ്, നല്ലളം ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ 32.4 ലക്ഷം ചെലവിട്ട് ‘ഇടം’ ആരംഭിച്ചിരുന്നു.
ഫറോക്ക് ജിജിവിഎച്ച്എസ്എസ്, ചെറുവണ്ണൂർ ജിവിഎച്ച്എസ്എസ്, ബേപ്പൂർ ജിഎച്ച്എസ്എസ്, ബേപ്പൂർ ഫിഷറീസ് വൊക്കേഷണൽ ഹയർസെക്കൻഡറി, ചാലിയം ഉമ്പിച്ചി ഹാജി ഹയർസെക്കൻഡറി, ഫാറൂഖ് കോളേജ് ഹയർസെക്കൻഡറി, രാമനാട്ടുകര സേവാമന്ദിരം പിബി ഹയർ സെക്കൻഡറി, കൊളത്തറ കാലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഹാൻഡികാപ്ഡ് എന്നീ സ്കൂളുകളിലാണ് പെൺകുട്ടികൾക്ക് അല്ലലില്ലാതെ വിശ്രമിക്കാനുള്ള സൗകര്യം ഒരുങ്ങുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..